• Fri. Sep 20th, 2024
Top Tags

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ്

Bynewsdesk

Nov 6, 2023

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യാനൊരുങ്ങവേ പദ്ധതി കൂടുതല്‍ വിപുലമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പദ്ധതിയില്‍ അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുന്നതിന് വിപുലമായ പ്രചാരണ പദ്ധതികളാണ് രാജ്യത്തുടനീളം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ സാങ്കേതിക തകരാറും അക്കൗണ്ടുകളിലെ പ്രശ്‌നങ്ങളും മൂലം പലര്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ല.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ കേന്ദ്ര പദ്ധതിയായതിനാല്‍ തന്നെ പദ്ധതിയില്‍ അര്‍ഹരെ ചേര്‍ക്കുന്നതിന് വലിയ ഉത്സാഹവും കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കുകൂടി ആനുകൂല്യം ലഭ്യമാക്കുന്നതിന് ഹെല്പ് ഡെസ്‌കുകള്‍ ഉള്‍പ്പെടെ തുടങ്ങാനും ആലോചിക്കുന്നുണ്ട്. ഇതിന് ബിജെപി പ്രവര്‍ത്തകരുടെകൂടി സജീവപങ്കാളിത്തം ഉറപ്പാക്കും. കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി എന്ന നിലയില്‍ വലിയ പ്രചാരണം പദ്ധതിക്ക് നല്‍കുകയും അതുവഴി രാഷ്‌ട്രീയ നേട്ടമുണ്ടാക്കുകയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ബിജെപിക്ക് വലിയ രീതിയില്‍ വേരോട്ടമില്ലാത്ത ഇടങ്ങളിലാണ് പ്രചാരണം കൂടുതലായി നടത്താനുദ്ദേശിക്കുന്നത്. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച ജനപ്രിയ പദ്ധതികളിലൊന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പിഎം കിസാന്‍ നിധി. കര്‍ഷകര്‍ക്കായുള്ള പദ്ധതിയായാണ് ആരംഭിച്ചതെങ്കിലും സ്വന്തമായി സ്ഥലമുള്ള ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം.‌

ബാങ്ക് അക്കൗണ്ടിലേക്കാണ് രാജ്യത്തുടനീളം ഒരേസമയം രണ്ടായിരം രൂപ വീതം മൂന്നു ഗഡുക്കളായി എത്തുക. 2019 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ നിലവില്‍ 15 കോടിയോളം ഗുണഭോക്താക്കളാണുള്ളത്. നാല് മാസത്തില്‍ മൂന്ന് തവണകളായി 2000 രൂപ വച്ച്‌ കര്‍ഷകന് ഒരു വര്‍ഷം 6000 രൂപ ലഭിക്കുന്നുണ്ട്. സ്വന്തമായി സ്ഥലമുള്ള കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് നികുതി രസീതും ആധാര്‍ കാര്‍ഡും വച്ച്‌ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കഴിയും.

യോഗ്യരായ കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവരുടെ പേരുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *