• Fri. Sep 20th, 2024
Top Tags

ഇരിക്കൂർ തീർഥാടനപാത നിർമാണം പുരോഗമിക്കുന്നു – പാതയോരത്ത് അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കും

Bynewsdesk

Nov 14, 2023

ഇരിക്കൂർ : ഉത്തരമലബാറിലെ പ്രധാന
തീർഥാടനകേന്ദ്രങ്ങളായ മാമാനം മഹാദേവി ക്ഷേത്രത്തെയും നിലാമുറ്റം മഖാമിനെയും ബന്ധിപ്പിക്കുന്ന ഇരിക്കൂർ തീർഥാടന പാതയുടെ നിർമാണം പുരോഗമിക്കുന്നു. നിർമാണം 60 ശതമാനം പൂർത്തിയായി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർപാലം മുതൽ നിലാമുറ്റം പാലംവരെ 400 മീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്.

തീർഥാടനപാതയുടെ ഭാഗമായി ഭിത്തി നിർമാണം, ഓവുചാൽ നിർമാണം തുടങ്ങിയവ പുരോഗമിക്കുകയാണ്. ഇവിടെ ടൈലുകൾ പാകും. കൈവരിയും ഒരുക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയോരത്ത് അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കും.

പാത നിർമാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സജീവ് ജോസഫ് എം.എൽ.എ.യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പണി നടത്തിപ്പിന്റെ ചുമതല പി.ഡബ്ല്യു.ഡി.യ്ക്കാണ്. പാതയിൽ വ്യൂപോയിന്റ് നിർമിക്കുന്നതിന് ഇരിക്കൂർ മഹല്ല് കമ്മിറ്റിയാണ് സഹായസഹകരണങ്ങൾ ഒരുക്കുന്നത്.

നിരവധി ഭക്തരാണ് ദിവസേന ക്ഷേത്രത്തിലും മഖാമിലും എത്തുന്നത്. മഴക്കാലത്ത് ചെളിനിറഞ്ഞ റോഡരികിലൂടെയാണ് സന്ദർശകർ ക്ഷേത്രത്തിലേക്കും മഖാമിലേക്കും വർഷങ്ങളായി എത്തുന്നത്. ഇതൊഴിവാക്കാനാണ് റോഡിനോടുചേർന്ന് പാത നിർമിക്കുന്നത്. നവംബറിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ക്ഷേത്രത്തിന് മുന്നിലെ കടകൾ പൊളിക്കേണ്ടതിൽ കാലതാമസം നേരിട്ടു. കടകൾ പൊളിക്കുന്നതിന് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ പാത തീർഥാടകർക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സഫലമാകുന്നത് ദീർഘകാല ആഗ്രഹം

മതസൗഹാർദ അന്തരീക്ഷമാണ് ഇരിക്കൂറിന്റെ പ്രത്യേകത. മാമാനം ക്ഷേത്രത്തിലേക്കും നിലാമുറ്റം മഖാമിലേക്കും എത്തുന്ന ഭക്തർക്ക് അപകടസാധ്യത കുറഞ്ഞ യാത്രസൗകര്യം വേണമെന്നത് ഇരിക്കൂറിലെ ജനങ്ങളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഏവർക്കും അനുയോജ്യമായ, സുരക്ഷിതമായ പാതയാണ് നിർമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *