• Fri. Sep 20th, 2024
Top Tags

നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഡിഎംഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

Bynewsdesk

Nov 21, 2023

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ഗവ: നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ധൻ ഡോ: അഭിലാഷ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള ഗവ: സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷൻ (KGSNA) ഡിഎംഒ ഓഫീസിന് മുന്നിൽ മാര്‍ച്ച് സംഘടിപ്പിച്ചു. 2022 നവംബറിൽ ഡോക്ടര്‍ കുട്ടികളുടെ ഒ.പിയില്‍ വെച്ച്‌ നാല്‌ നഴ്സിംഗ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് സംഘടന ആരോപിക്കുന്നത്. നഴ്സിംഗ് വിദ്യാര്‍ഥികള്‍ പ്രിൻസിപ്പലിന് പരാതി നല്‍കുകയും പരാതി ഡിഎംഒയ്ക്ക് അയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ള കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

കമ്മിറ്റി ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സാമൂഹികരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയും എന്നാല്‍ ഡോക്ടര്‍ തൃക്കരിപ്പൂര്‍ താലൂക് ആശുപത്രിയിലേക്ക് സ്വാധീനം ഉപയോഗിച്ച്‌ സ്ഥലം മാറ്റം വാങ്ങിച്ചിരിക്കുകയാണെന്നും നഴ്സസ് അസോസിയേഷൻ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ ക്രിമിനല്‍ കേസ് നിലവിലിരിക്കെ കാസര്‍ഗോഡ് ജില്ലയിലേക്ക് ഡോക്ടറെ തിരിച്ചു കൊണ്ടുവന്നത് കേസിനെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഡിഎംഒ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ഖമറു സമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രഞ്ജിമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറിയേറ്റ് അംഗം പി.വി പവിത്രൻ, എം.എ.നവീൻ, കെ.പി.ദിവ്യ, റിസാല്‍ എന്നിവര്‍ സംസാരിച്ചു.ശ്രീജിത്ത്‌ കണ്ണൂര്‍ സ്വാഗതവും, ജിതിൻ ഘോഷ് നന്ദിയും പറഞ്ഞു. നേരത്തെ, ഡോക്ടറെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നും നഴ്സസ് അസോസിയേഷൻ പിന്മാറണമെന്ന് കെജിഎംഒഎ കാസര്‍ഗോഡ് ഘടകം ആവശ്യപ്പെട്ടിരുന്നു.

ഇത്തരം പ്രവൃത്തികളില്‍ നിന്നും നഴ്സസ് അസോസിയേഷൻ പിന്മാറിയില്ലെങ്കില്‍ കെജിഎംഒഎ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും നഴ്സിംഗ് വിദ്യാര്‍ത്ഥികളെയും നഴ്സിങ് ഓഫീസര്‍മാരുടെയും ട്രെയിനിങ് പ്രോഗ്രാമില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും വ്യക്തിഹത്യ തുടരുന്ന രീതിയിലുള്ള സമര പരിപാടികള്‍ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് കേരള ഗവ: സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷൻ മാര്‍ച്ച് സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *