• Fri. Sep 20th, 2024
Top Tags

എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധന

Bynewsdesk

Nov 23, 2023

ചെറുപുഴ : പ്രാപ്പൊയിൽ എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എം.എ.ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒരുവർഷമായി ക്വാറി പ്രവർത്തിക്കുന്നില്ല. ക്വാറി മാനേജ്മെന്റ് നൽകിയ അപേക്ഷയെത്തുടർന്നാണ് പരിശോധന നടന്നത്.

പരാതിക്കാരായ രണ്ടുപേരെ മാത്രമേ ക്വാറിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കൂയെന്ന ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എം.എ.ഷിജുവിന്റെ നിലപാട് വാക്‌തർക്കത്തിനിടയാക്കി.

മാധ്യമപ്രവർത്തകരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടും പ്രതിഷേധത്തിനിടയാക്കി. ഇതോടെ ചെറുപുഴ സബ് ഇൻസ്പെക്ടർ എം.പി.ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ്, തിരുമേനി വില്ലേജ് ഓഫീസർ സി.കെ.ഷാജിമോൻ, പഞ്ചായത്തംഗങ്ങളായ കെ.എം.ഷാജി, വി.ഭാർഗവി, ചെറുപുഴ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും കെ.എം. രാജേന്ദ്രൻ, പി.ഗോപിനാഥൻ, ബാബു അണിയറ, തമ്പാൻ, അനൂപ് എന്നിവരും എത്തിയിരുന്നു.

ക്വാറിയിൽനിന്നുള്ള മലിനജലം കാരണം ക്വാറിക്ക് സമീപത്തെ തോട് മലിനമാകുന്നുവെന്ന പരാതി ക്വാറി തുടങ്ങിയപ്പോൾ മുതൽ പ്രദേശവാസികൾ ഉന്നയിച്ചിരുന്നതാണ്. ഈ തോട്ടിൽനിന്ന് നിശ്ചിത അകലത്തിലല്ല ക്വാറിയെന്ന് പരാതിക്കാർ പറയുന്നു. വില്ലേജ് അധികൃതർ ഇത് അളന്ന് തീർച്ചപ്പെടുത്തണം.

മുൻപ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അളന്നപ്പോൾ 42 മീറ്റർ ദൂരം മാത്രമേ തോടും ക്വാറിയും തമ്മിലുള്ളൂ. ഇതിന്റെ പകർപ്പ് പരാതിക്കാർ ഹാജരാക്കി.

പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ റിപ്പോർട്ട് മേലധികാരികൾക്ക് സമർപ്പിക്കുമെന്ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എൻജിനീയർ എം.എ.ഷിജു പറഞ്ഞു. ചെറുപുഴ പഞ്ചായത്തിൽ പൂട്ടിക്കിടക്കുന്ന മറ്റ് കരിങ്കൽ ക്വാറികളും തുറന്ന് പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *