• Thu. Sep 19th, 2024
Top Tags

അമേരിക്കൻ എംബസിയിലേക്ക് മാർച്ച് നടത്തി ക്യൂബൻ ജനത. മുന്നിൽനിന്ന് നയിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും

Bynewsdesk

Nov 24, 2023

ഹവാന: പലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹവാനയിലെ യുഎസ് എംബസിയിലേക്ക് നടത്തി‌യ മാർച്ചിന് നേതൃത്വം നൽകി ക്യൂബൻ പ്രസിഡന്റും പ്രധാനമന്ത്രിയും. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ ഹവാനയിൽ പലസ്തീൻ അനുകൂല മാർച്ചിന് നേതൃത്വം നൽകി. ആയിരങ്ങളാണ് പലസ്തീന് അനുകൂലമായി തെരുവിലിറങ്ങി‌യത്. സ്വതന്ത്ര പലസ്തീൻ ആവശ്യമുയർത്തിയായിരുന്നു മാർച്ച്. പ്രധാനമന്ത്രി മാനുവൽ മാരേറോയും പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. മാരകമായ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റേത് വംശഹത്യയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അതേസമയം, ഗാസ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ നടപ്പായി. ഇന്ന് രാവിലെ ഏഴ് മുതലാണ് വെടി നിർത്തൽ ആരംഭിച്ചത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്‍റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *