• Fri. Sep 20th, 2024
Top Tags

നവകേരള സദസ്സിൽ സ്കൂൾ കുട്ടികൾ: ‘ഇളം മനസ്സിൽ കള്ളമില്ല, വരണ്ടെന്ന് പറഞ്ഞിട്ടും കുട്ടികൾ വരുന്നു’: മുഖ്യമന്ത്രി

Bynewsdesk

Nov 25, 2023

കുറ്റ്യാടി:നവകേരള സദസ്സില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ വേർതിരിവ് നമ്മുടെ മനസ്സിൽ ആണല്ലോയെന്നും ഇളം മനസ്സില്‍ കള്ളമില്ലെന്നും കുട്ടികൾ അവരുടെ ജീവിതത്തിലെ പ്രധാന കാര്യം ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണ്
ഈ ജനപ്രവാഹത്തിലൂടെ ലഭിക്കുന്നത്. അതിനു നന്ദിയുണ്ട്. ഇറങ്ങേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികള്‍ പരിപാടിക്കെത്തുകയാണ്. മന്ത്രിസഭ ഒന്നായി കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിൻ്റെ ബഹിഷ്കരണം നാട് സ്വീകരിച്ചിട്ടില്ലെന്നും അതിൻ്റെ തെളിവാണ് ജനക്കൂട്ടമെന്നും കുറ്റ്യാടി മേന്മുണ്ടയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുന്ന വഴികളിലെല്ലാം ആളുകൾ കാത്തു നിൽക്കുകയാണ്. വീടുകൾക്ക് മുൻപിലും ഇടറോഡുകളിലുമെല്ലാം ആളുകൾ കാത്തു നിൽക്കുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീടിൻ്റെ ഗെയ്റ്റിൻ്റെ അടുത്ത് വന്ന് യാത്രയെ ആശീർവദിക്കുകയാണ്. കുഞ്ഞുങ്ങൾ വരെ സ്കൂൾ വിട്ട ശേഷം റോഡു സൈഡിൽ കാണാൻ കാത്തു നിൽക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് അവരുടെ ശ്രമമെന്നും പിണറായി വിജയന്‍ ആരോപിച്ചു. നിഷേധ നിലപാട് ആണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്‍റെ വികസനത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേത്. കോഴിക്കോട് എയിംസ് ഇതുവരെ അനുവദിച്ചില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ആണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, നവകേരള സദസ്സ് നടക്കുന്നതിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ യാത്രാവഴിക്കരികിൽ വച്ചായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്.
നവകേരള സദസ്സിനെത്തിയ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും പൊരിവെയിലത്ത് നിന്ന് സ്കൂള്‍ കുട്ടികള്‍ സ്വീകരിക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നടന്ന ഈ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വ്യക്തമാക്കി പലയിടത്തും സര്‍ക്കുലറുകള്‍ ഇറക്കിയതും വിവാദമായിരുന്നു. ഇതിനുപിന്നാലെ എംഎസ്എഫ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *