• Fri. Sep 20th, 2024
Top Tags

മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍

Bynewsdesk

Nov 26, 2023

കുസാറ്റ് ദുരന്തത്തിനു കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമാണെന്ന വാദം തള്ളി വിദ്യാര്‍ത്ഥികള്‍. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറിയത് അപകടമുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അത്ര വലിയ മഴയുണ്ടായിരുന്നില്ല. ആളുകളെ ഉള്ളില്‍ കയറ്റാന്‍ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഗേറ്റ് തുറന്നപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അടിയിലോട്ട് സ്ലോപ്പായിട്ടുള്ള സ്റ്റെപ്പാണ്. തള്ളല്‍ വന്നപ്പോള്‍ കുറേപ്പേര്‍ വീണുപോയി. താന്‍ സൈഡിലൂടെ എങ്ങനെയോ രക്ഷപ്പെട്ടതാണെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

കുസാറ്റിൽ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആൾക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതുമാണ്. തിയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. ഇന്നലെ വൈകിട്ട് ഏഴേ കാലോടെയായിരുന്നു സംഭവം. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരില്‍ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജിലും 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുമുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ അതിവേഗം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായി.

കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോയ്ക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുന്‍ കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുവെ വിദ്യാര്‍ത്ഥികളാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടായതിനു തൊട്ടു മുമ്പുള്ള മൊബൈല്‍ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അപകട വിവരം അറിഞ്ഞ ഉടന്‍ മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കോഴിക്കോട്ടെ നവകേരള സദസ്സില്‍ നിന്നും കളമശ്ശേരിയിലേക്ക് തിരിച്ചു. പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ സ്ഥലത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *