• Fri. Sep 20th, 2024
Top Tags

സഞ്ചാരികൾക്ക് കൗതുകമായി ഇനി കളരിയും

Bynewsdesk

Dec 23, 2023

കളരിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ (നോംട്ടോ) നേതൃത്വത്തിൽ ആദികടലായി ഹാരിസ് 
സീഷെൽ ഹോംസ്റ്റേയിൽ പയ്യമ്പള്ളി കളരിസംഘം അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനത്തിൽ നിന്ന്. 
							      ചിത്രം: മനോരമ

കണ്ണൂർ :ദക്ഷിണേന്ത്യയുടെ തനത് സ്വത്താണ് കളരിപ്രത്യേകിച്ചും കേരളത്തിന്റെ ശ്രീലങ്ക കൂടി അടങ്ങുന്ന പഴയ പ്രാചീന ദക്ഷിണ ഭാരതത്തിൽ നിന്നായിരിക്കണം കളരിയുടെ ഉൽഭവം. കേരളത്തിൽ ആയുധ – അക്ഷര വിദ്യ അഭ്യസിക്കുന്ന സ്ഥലങ്ങൾക്ക് കളരി എന്നാണ് പറഞ്ഞിരുന്നതെന്ന് കാണാം. പത്താം നൂറ്റാണ്ടിന്ശേഷമാണ് ഇന്നത്തെ രീതിയിൽ കൃത്യമായ ചിട്ടകളും അടുക്കുകളും കളരികളിൽ രൂപപ്പെട്ടത് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ബുദ്ധരുടെ കാലത്തേ കളരികളിൽ കൃത്യമായ പരിശീലന രീതികൾ രൂപപ്പെട്ടിട്ടുണ്ടാകണം, ബുദ്ധരുടെ കാലത്ത് പ്രചരിച്ച ആയുർവേദവും യോഗയുമാണ് കളരിയുടെ അടിത്തറ.ആത്മീയമായ ലക്ഷ്യവും കളരിക്കുണ്ട് ചിട്ടയോടെ പരിശീലിച്ചാൽ യോഗിയും ഋഷിവര്യനും ആയിത്തീരും ആ രീതിയിലാണ് കളരികൾ ഗുരുക്കൻമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വടക്കേ മലബാറിലെ കളരികൾ എന്നും പുറംനാട്ടുകാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ആയോധനകലകളുടെ മാതാവായ കളരിപ്പയറ്റിന്റെ സ്വാധീനം ചൈനയിലെ ഷവോലിൻ കുങ്ഫു ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആയോധന കലകളിൽ കാണാം. മുപ്പതോളം കലകളിലും കളരിപ്പയറ്റിന്റെ സ്വാധീനമുണ്ട്. കളരി അഭ്യാസം കാണാനും പഠിക്കാനുമായി വിദേശത്തു നിന്ന് ഒട്ടേറെപ്പേർ മലബാറിലെ കളരികളിൽ എത്തുന്നുണ്ട്.മെയ്‌വഴക്കവും ഏകാഗ്രതയും മനസ്സാന്നിധ്യവും വേണ്ട ഈ ആയോധനകലാ പ്രകടനം കാണാൻ അവസരം ഒരുക്കിയാൽ അത് വടക്കേ മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവും.

ഇതിനുള്ള സ്ഥിരം സംവിധാനങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും കേന്ദ്രീകരിച്ച് സജ്ജമാക്കണം. കളരിയെ ടൂറിസവുമായി കോർത്തിണക്കാനുള്ള ശ്രമങ്ങൾ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള ടൂറിസം ഓർഗനൈസേഷനും (നോംടോ) പയ്യമ്പള്ളി കളരി സംഘവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ ദിവസം ആദികടലായിലെ സീഷെൽ ഹാരിസ് ബീച്ച് ഹോമിൽ കാനഡ, ന്യൂസീലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കു മുന്നിൽ കളരിഅഭ്യാസ പ്രകടനം നടന്നിരുന്നു.

ഏറെ ആവേശത്തോടെയാണ് സഞ്ചാരികൾ കളരി ആസ്വദിച്ചതെന്ന് ഹോം സ്റ്റേ അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ ഇ.വി.ഹാരിസ് പറഞ്ഞു.ജനുവരി 27ന് പൊലീസ് മൈതാനത്ത് 500 കളരി അഭ്യാസികൾ അണിനിരക്കുന്ന പ്രദർശനം ഒരുക്കും. ആ ദിവസം വടക്കേ മലബാറിലുള്ള ടൂറിസ്റ്റുകളെ പ്രദർശനം കാണാൻ ഇവിടേക്ക് ക്ഷണിക്കുമെന്ന് ഹോട്ടൽ, റിസോർട്സ്, ഹോം സ്റ്റേ ഉടമകൾ പറഞ്ഞു. കളരിപ്പയറ്റിന്റെ പ്രചാരണം വർധിക്കുന്നതോടെ കളരി ചികിത്സ തേടിയും കർക്കടകത്തിൽ ഉഴിച്ചിലിനും വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തുന്നതിനും വഴിതെളിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *