• Fri. Sep 20th, 2024
Top Tags

റോഡ് ക്യാമറയെ പറ്റിക്കുന്നവരെ പൂട്ടാൻ വേഷംമാറി ഉദ്യോഗസ്ഥർ; 12 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നിരപരാധികളെ രക്ഷിക്കാൻ പ്രത്യേക സ്ക്വാഡ്

Bynewsdesk

Dec 23, 2023

റോഡ് ക്യാമറയെ പറ്റിക്കുന്നവരെ പൂട്ടാൻ വേഷംമാറി ഉദ്യോഗസ്ഥർ; നിരപരാധികളെ  രക്ഷിക്കാൻ പ്രത്യേക സ്ക്വാഡ്

കണ്ണൂർ : നിയമലംഘനം നടത്തി ഇരുചക്രവാഹനമോടിക്കുന്നവർ റോഡ് ക്യാമറയെത്തുമ്പോൾ ഇടതുവശത്തുകൂടി പോകുന്നതിനു പകരം വലതുവശത്തേക്കു വണ്ടിയെടുത്ത് റോഡിൽനിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽനിന്ന് വണ്ടി മാറ്റുന്നത്.വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ പറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്പർ ക്യാമറയിൽ പതിയാതിരിക്കാനാണ് തിളക്കമുള്ള സ്റ്റിക്കറുകൾ പതിക്കുന്നത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ റോഡ് ക്യാമറ പോയിന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥർ വേഷം മാറിയാണ് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാതെയും 3 പേരെ കയറ്റിയും എത്തിയ ബൈക്കുകൾ റോഡിൽ നിന്ന് ഇറക്കി എതിർ വശത്തുകൂടെ കുതിക്കുന്നതായി കണ്ടെത്തി.

ഹെൽമറ്റ് ധരിക്കാതെ ക്യാമറയിൽ പെട്ട് പല തവണ പിഴ ചുമത്തിയ ബൈക്ക് പിടികൂടി പരിശോധിച്ചപ്പോൾ അവസാന നമ്പർ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. മറ്റൊരു വാഹന ഉടമ നമ്പറിൽ സ്റ്റിക്കർ ഒട്ടിച്ചു മറച്ചതായും കണ്ടുപിടിച്ചു. ഇങ്ങനെ നടത്തുന്ന നിയമലംഘനങ്ങളാണ് നിരപരാധികളായ വാഹന ഉടമകൾക്കെതിരെ പിഴ നോട്ടിസ് മാറി അയയ്ക്കാൻ ഇടയാക്കുന്നതെന്ന് ഉദ്യോഗസ്ഥർ.

കൂടാതെ ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ക്യാമറയിൽ തെളിയാതിരിക്കാൻ പ്രത്യേകതരം ഫ്ലാഷ് ലൈറ്റുകളും തിളക്കമുള്ള സ്റ്റിക്കറുകളും സ്ഥാപിച്ചതായും കണ്ടെത്തി.തിരൂർ തിരുനാവായ, എടക്കുളം ഭാഗങ്ങളിൽ നിന്ന് ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കയറ്റിപ്പോവുകയായിരുന്ന 2 സ്കൂൾ ബസുകളും തേയ്മാനം സംഭവിച്ച ടയറുകളുമായി സർവീസ് നടത്തിയ മറ്റൊരു സ്കൂൾ ബസും പരിശോധനയ്ക്കിടെ പിടികൂടി പെർമിറ്റ് റദ്ദാക്കി.

നിരപരാധികളെ രക്ഷിക്കാൻപ്രത്യേക സ്ക്വാഡ്:

പരാതികളുമായി നിരപരാധികളായ വാഹന ഉടമകൾ മോട്ടർ വാഹന വകുപ്പ് ഓഫിസിലേക്ക് എത്തിത്തുടങ്ങിയതോടെയാണ് കള്ളനെ കയ്യോടെ പിടികൂടാൻ അധികൃതർ നടപടി തുടങ്ങിയത്. പിഴയടയ്ക്കാൻ നോട്ടിസ് ലഭിക്കുന്ന ഒട്ടേറെ പേരാണ് വാഹനം തങ്ങളുടേതല്ലെന്ന് അറിയിച്ച് പരാതിയുമായി എത്തുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവൽക്കരിച്ച് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *