• Fri. Sep 20th, 2024
Top Tags

മുൻ ജീവനക്കാരി കണ്ണൂരിലെ ജൂവലറിയിൽ നിന്നും തട്ടിയെടുത്തത് ഏഴര കോടിയോളമെന്ന് പൊലീസ് – കണ്ണൂരിൽ നടന്നത് ഞെട്ടിക്കുന്നത്

Bynewsdesk

Dec 24, 2023

കണ്ണൂർ:  കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ പ്രതിയായ ചീഫ് അക്കൗണ്ടന്‍റിനെ പൊലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ചിറക്കൽ സ്വദേശി സിന്ധു പൊലീസിന് മുന്നിൽ ഹാജരായത്. നികുതിയിനത്തിൽ അടയ്ക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ചെന്നാണ് കേസ്.

കണ്ണൂരിലെ കൃഷ്ണ ജൂവൽസ് മാനേജിങ് പാർട്ണര്‍ നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി സിന്ധു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അത് പരിഗണിച്ചാണ് ചോദ്യംചെയ്യലിന് മൂന്ന് ദിവസം ഹാജരാകാൻ കോടതി നിർദേശിച്ചത്. അറസ്റ്റ് പാടില്ലെന്നും പൊലീസിന് നിർദേശം നൽകി.
2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരിയാണ് സിന്ധു. ചീഫ് അക്കൗണ്ടന്‍റായ ഇവർ 2009 മുതൽ പല തവണയായി ജ്വല്ലറി അക്കൗണ്ടിൽ നിന്ന് ഏഴ് കോടിയിലധികം തട്ടിയെടുത്തെന്നാണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടയ്ക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ സിന്ധു നിഷേധിച്ചു. തുക ജ്വല്ലറി അക്കൗണ്ടിൽ തന്നെ കാണിച്ചിട്ടുണ്ടെന്നാണ് വാദം. വിദേശത്ത് ഒളിവിൽ പോയിട്ടില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. ഇന്നും സിന്ധുവിനെ ചോദ്യംചെയ്യും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *