• Fri. Sep 20th, 2024
Top Tags

പ്രതികൂല കാലാവസ്ഥ; ഗ‌ൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി

Bynewsdesk

May 23, 2024

പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വൈകി. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കൻ കേരളത്തിന് മുകളിലായി  ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി,  മിന്നൽ,  കാറ്റ് എന്നിവയോടു കൂടിയ മിതമായതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മെയ്‌ 23 മുതൽ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും, മെയ്‌ 23 മുതൽ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന് നൽകിയ  അറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *