• Sat. Oct 19th, 2024
Top Tags

മണ്‍സൂണ്‍ ടൂറിസ്റ്റുകളെയും കാത്ത് പൈതല്‍മല

Bynewsdesk

Jun 10, 2024

ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൈ തല്‍മലയിലേയ്ക്ക് സാഹസിക വിനോദത്തിനായെത്തുന്നവർക്കും മണ്‍സൂണ്‍ കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കുമായി വനംവകുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയാക്കി.

ആലക്കോട് – കാപ്പിമല വഴി വാഹനങ്ങളില്‍ മഞ്ഞപ്പുല്ല് വനാതിർത്തി വരെ എത്തുവാൻ സാധിക്കും. അവിടെ നിന്നും പാസ്സ് വാങ്ങി വനത്തിനുള്ളിലൂടെ രണ്ട് കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച്‌ പൈതല്‍മലയുടെ മുകളിലെത്താം. വനത്തിലൂടെയുള്ള നടപ്പാതയുടെ നവീകരണം ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്‌ പൂർത്തിയാക്കിയതോടെ വനത്തിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമാകും. സാഹസിക യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർക്ക് മഞ്ഞപ്പുല്ല് പുല്‍മേട്ടില്‍ നിന്നുള്ള ദൂരക്കാഴ്ചകളും കേരള കർണ്ണാടക വനങ്ങളുടെ പ്രകൃതിഭംഗിയും കോടമഞ്ഞും ആസ്വദിക്കാൻ കഴിയും.
രാവിലെ 9 മണി മുതല്‍ 3 മണി വരെയുള്ള സമയത്തേക്കാണ് പാസ് അനുവദിക്കുക. കാലവർഷം കനത്തതിനാല്‍ വനത്തിനുള്ളിലും മലമുകളിലും കോടമഞ്ഞ് നിറയുന്നതിനാല്‍ സഞ്ചാരികള്‍ക്ക് വഴി തെറ്റാനിടയുള്ളതിനാല്‍ വനപാലകരുടെ നിർദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കാപ്പിമല വഴി വൈതല്‍മല സന്ദർശിക്കിനെത്തുന്നവർക്ക് പൈതല്‍കുണ്ട് വെള്ളച്ചാട്ടവും ആസ്വദിക്കാൻ കഴിയും.

വനയാത്രയില്‍ മഴക്കാലത്ത് അട്ടയുടെ (തോട്ടപ്പുഴു) ഉപദ്രവം ഉണ്ടാകുമെന്നതിനാല്‍ ഉപ്പ്, പുകയില എന്നിവ കൊണ്ടുള്ള ചെറിയ കിഴിയോ, ഡെറ്റോള്‍ വീര്യം കുറച്ച്‌ കുപ്പിയില്‍ കരുതുകയോ ചെയ്യാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *