• Fri. Sep 20th, 2024
Top Tags

വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍

Bynewsdesk

Aug 27, 2024

ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ‌്മൃതി മന്ഥാന വൈസ് ക്യാപ്റ്റനാവും.

സീനിയര്‍ താരം ഹര്‍മന്‍പ്രീക് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍ എന്നിവരാണുള്ളത്. സ്ക്വാഡിനൊപ്പം റീസര്‍വ് താരങ്ങളായി ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവര്‍ യാത്ര ചെയ്യും.

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി കാരണം ദുബായിലേക്കും ഷാര്‍ജയിലേക്കും വേദി മാറ്റിയ വനിതാ ടി20 ലോകകപ്പിന് ഒക്ടോബർ 3 നാണ് തുടക്കമാവുക. ടൂര്‍ണമെന്‍റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക. ഗ്രൂപ്പുകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയായിരിക്കും.

നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്കോട്‌ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു. ഒക്ടോബര്‍ ആറിന് ദുബായില്‍ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം നടക്കും.

ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും. ഇങ്ങനെ നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനുമുണ്ടാകുക. രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം ഒക്ടോബര്‍ 17നും 18നും നടക്കുന്ന സെമിയിലേക്ക് മുന്നേറും. 20ന് ദുബായിലാണ് ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *