• Fri. Sep 20th, 2024
Top Tags

തിരുവോണത്തിനായി ഒരുങ്ങി മലയാളികൾ; ഇന്ന് ഉത്രാട പാച്ചിൽ

Bynewsdesk

Sep 14, 2024

കാർഷിക സമൃദ്ധിയുടെ ഓർമകളുമായി എത്തുന്ന പൊന്നോണനാളുകളിലെ സവിശേഷ ദിനമാണ് ഉത്രാടം. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട അവസാവട്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. കൂടാതെ തിരുവോണ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും.

ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിർമാണം പൂര്‍ത്തിയാക്കുന്നതും ഉത്രാട ദിനത്തിലാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകള്‍ ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നതും ഉത്രാട ദിവസത്തിലാണ്.

ഉത്രാടത്തിന്റെ അന്നാണ് ചിലയിടങ്ങളില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുക. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ലും വയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക.

ഉത്രാട പകലിൽ തട്ടിന്‍പുറത്ത് നിന്ന് മരംകൊണ്ടുള്ള ഓണത്തപ്പന്മാര്‍ താഴെ ഇറങ്ങും. അവരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടില്‍ നിരത്തി ഇരുത്തും. പിറ്റേ ദിവസം വെളുപ്പിന് അരിമാവ് അണിയിച്ച് ചന്ദനക്കുറി തൊടുവിച്ച് തുമ്പക്കുടവും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നാലുകെട്ടിലും നടുമുറ്റത്തുമെല്ലാം കുടിയിരുത്തും. എന്നാല്‍ ഇവ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ. ഉത്രാട ദിനത്തില്‍ വൃത്തിയാക്കി വെക്കുന്ന വിളക്കുകളില്‍ വലുതൊരെണ്ണത്തില്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാറുമുണ്ട്. പൂക്കള്‍ ഉപയോഗിച്ച് വിളക്ക് അലങ്കരിക്കുകയും ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *