• Fri. Sep 20th, 2024
Top Tags

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

Bynewsdesk

Sep 19, 2024

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.

കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്.

അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന്  പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *