മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് നിരവധി മികച്ച നേട്ടങ്ങൾ സമ്മാനിച്ച പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി കോളജ് കാമ്പസിനോട് 31 ന് വിടപറയും. സംസ്ഥാനത്തും ദേശീയ, അന്തർദേശീയ തലങ്ങളിലും പികെഎം കോളജിനെ അക്കാദമിക രംഗത്ത് ഉയരങ്ങളിലെത്തിച്ചാണ് പ്രിൻസിപ്പൽ വിരമിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ പിഎച്ച്ഡി നേടിയ ഡോ. ജെസി 2018 ലാണ് പ്രിൻസിപ്പലായി നിയമിതയായത്. 1998-99 കാലയളവിൽ അധ്യാപക വിദ്യാർത്ഥിയായും 2000 മുതൽ അധ്യാപക പരിശീലകയായും പിന്നീട് 8 വർഷം പ്രിൻസിപ്പലായും 27 വർഷമാണ് ഈ കലാലയത്തിൻ്റെ ഭാഗമായിരുന്നത്. പഠന, പാഠ്യേതര, ഭരണനിർവഹണ രംഗങ്ങളിലും അടിസ്ഥാനസൗകര്യ വികസനകാര്യങ്ങളിലും ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഡോ.ജെസി കോളജിന്റെ വളർച്ചയുടെ അതിനിർണായകമായ ഒരു കാലഘട്ടത്തെ വിവിധ നേട്ടങ്ങൾകൊണ്ട് അടയാളപ്പെടുത്തിയാണ് പിൻവാങ്ങുന്നത്.
2024 ൽ മൂന്നാം തവണയും ‘നാക് എ ഗ്രേഡ് ‘, ‘ടിഇഐഎസി’ ന് ആദ്യമായി നടത്തിയ റാങ്കിംഗിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം, ഹരിതകേരള മിഷൻ്റെ ‘എ ഗ്രേഡ് ഹരിതകലാലയം’, യുനെസ്കോയുടെ ഗ്രേഡിംഗ് എഡ്യൂക്കേഷൻ പാർട്നർഷിപ്പ് അംഗത്വം (2019), ‘ബെസ്റ്റ് പീസ് ഇനിഷ്യേറ്റിംഗ് കോളജ് ‘ അവാർഡ് (2019), ‘ബെസ്റ്റ് പീസ് ഇനിഷ്യേറ്റിവ് പ്രൻസിപ്പൽ’ അവാർഡ് (2020), എൻഇപി യുടെ ‘വേൾഡ് ഓസോൺ ഡേ’ പരിപാടിയിൽ സ്ഥാപന പങ്കാളിത്തം, കേരള സർക്കാരിന്റെ 2025 ലെ എക്സലൻസ് അവാർഡ്, 2025 ലെ കണ്ണൂർ ജില്ലാ സ്വച്ഛതാ ചാമ്പ്യൻ എന്നീ പുരസ്കാരങ്ങളാണ് ഈ കാലയളവിൽ കോളജിന് നേടാൻ കഴിഞ്ഞത്. 2019 ൽ കോളജിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതിനൊപ്പം സിൽവർ ജൂബിലി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, തുമ്പേനിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം, റൂസാ പ്രോജക്ടിൻ്റെ ഭാഗമായി പുതിയ അക്കാദമിക് ബ്ളോക്ക് എന്നിവയുടെ നിർമാണവും പൂർത്തിയാക്കി. പികെഎം സ്പോർട്സ് അക്കാദമി
ആരംഭിച്ച് ആവശ്യമായ സൗകര്യങ്ങൾ വികസിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (യുഎൻഎസ്ഡിജിഎസ്) അടിസ്ഥാനത്തിൽ ‘നെക്സ്റ്റ് ജനറേഷൻ ടീച്ചർ അറ്റ് പികെഎം’ എന്ന നവീനവും ക്രിയാത്മകവും ആയ 10 വർഷം നീണ്ടു നിൽക്കുന്ന പാഠ്യപദ്ധതി സിൽവർ ജൂബിലിയുടെ ഭാഗമായി ആവിഷ്ക്കരിച്ച് അധ്യാപക പരീശീലനം പരിഷ്ക്കരിച്ചു. കോളജിൽ ആദ്യമായി കാർഷിക ഗവേഷണ പദ്ധതി നടപ്പാക്കിയതും എൻഎസ്എസ് യൂണിറ്റ് അനുവദിച്ച് കിട്ടിയതും ഈ കാലയളവിലാണ്.
പുതിയ കാലഘട്ടത്തിലേക്ക് ഉതകുന്ന വിധം അധ്യാപക വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായ സ്റ്റെം എഡ്യൂക്കേഷൻ, റോബോട്ടിക്സ് തുടങ്ങിയ പരിശീലന പദ്ധതികൾ നടപ്പാക്കി. അതിൻ്റെ ഭാഗമായി 2026 ജനുവരിയിൽ സിംഗപ്പൂരിൽ നടന്ന ‘ഇൻ്റർനാഷണൽ റോബോട്ടിക്സ് ‘ അന്താരാഷ്ട്ര പരിപാടികളിൽ അധ്യാപക വിദ്യാർത്ഥികളുടെ പങ്കാളിത്തം, ജർമനിയിൽ നടന്ന ഇൻ്റർനാഷണൽ കോൺഫറൻസിൻ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണം എന്നിങ്ങനെ കോളജിന്റെ പ്രവർത്തനങ്ങൾക്ക് അന്തർദ്ദേശീയ തലത്തിൽ നൂതന സരണികൾ തുറന്ന് എൻഇപിയുടെ വെല്ലുവിളികൾ നേരിടാൻ സ്ഥാപനത്തെ സജ്ജമാക്കി.
കണ്ണൂർ സർവകലാശാലയിലെ ടിഇഐഎസിന്റെ പ്രിൻസിപ്പൽ കൺസോർഷ്യം സ്ഥാപകയും നിലവിലെ പ്രസിഡന്റുമാണ് ഡോ.ജെസി. യുഎസ്എ, യുകെ, ഓസ്ട്രേലിയ, തായ് വാൻ എന്നീ രാജ്യങ്ങളിൽ നടന്ന വിദ്യാഭ്യാസ കോൺഫറൻസുകളിൽ പങ്കെടുത്ത് പ്രബന്ധാവതരണം നടത്തുകയും രണ്ട് തവണ യുജിസി ട്രാവൽ ഗ്രാൻ്റ് ലഭിക്കുകയും യുജിസി മൈനർ റിസർച്ച് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഭാഷാമൃതം, സജീവ് ജോസഫ് എംഎൽഎ നടപ്പാക്കിയ ഭാഷാമൃതം, വാക്ക് വിത്ത് എംഎൽഎ തുടങ്ങിയ സവിശേഷമായ പദ്ധതികൾക്ക് കോളജിൻ്റെ സഹകരണം ഉറപ്പാക്കിയിരുന്നു. ആദ്യമായി എംഎൽഎ സ്പെഷൽ ഫണ്ട് മുഖേന കോളജിന് കമ്പ്യൂട്ടറുകൾ ലഭ്യമാക്കി ഡിജിറ്റൽ ലൈബ്രറി മെച്ചപ്പെടുത്താനും സാധിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിൽ നെടുന്തുരത്തി പുത്തൻപുരയ്ക്കൽ കുടുംബാഗമായ ഡോ. എൻ.സി. ജെസി കോട്ടയം അതിരൂപതയിലെ ‘കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ‘ എന്ന സമർപ്പിത സമൂഹത്തിലെ അംഗവുമാണ്. കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന മടമ്പം പികെഎം കോളജിലെ മാനേജ്മെൻ്റ്, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ, പൂർവവിദ്യാർത്ഥികൾ, സുഹൃത്തുക്കൾ, പ്രിയപ്പെട്ട അധ്യാപക വിദ്യാർത്ഥികൾ, എന്നിവരുടെ സമ്പൂർണ
പിന്തുണയാണ് നേട്ടങ്ങൾക്ക് സഹായകരമായതെന്ന സ്മരണയോടെ കോളജിൻ്റെ സമഗ്രമായ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സാധിച്ചതിൻ്റെ നിറഞ്ഞ ചാരിതാർത്ഥ്യത്തോടെയുമാണ് ഡോ.ജെസിയുടെ പടിയിറക്കം
മടമ്പം പികെഎം കോളജിന് നേട്ടങ്ങൾ സമ്മാനിച്ച് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി പടിയിറങ്ങുന്നു

