കോട്ടയത്ത് എബോള? സൗത്ത് സുഡാനിൽ നിന്നെത്തിയ സ്‌ത്രീയിൽ രോഗലക്ഷണം


സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് ഇവർ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ഐസൊലോഷൻ വാർഡിൽ കഴിയുന്ന രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എബോള രോഗത്തിനുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളൊന്നും ഇവർക്കില്ല. ഇന്നലത്തെ അപേക്ഷിച്ച് പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്‌ത്രീയിൽ നിന്ന് ശേഖരിച്ച സാംപിൾ തിരുവനന്തപുരത്തേക്ക് പരിശോധനയ്‌ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. തുടർചികിത്സ ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മാരകമായ അണുബാധയ്‌ക്ക് കാരണമായേക്കാവുന്ന ഒരു വൈറസ് രോഗമാണ് എബോള. പഴംതീനി വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പേശിവേദന, ഛർദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ആന്തരികാവയവങ്ങളുടെ തകരാറും രക്തസ്രവവും ഉണ്ടാകാം. നേരത്തേയുള്ള ചികിത്സ ജീവൻ രക്ഷിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.


Leave a Reply

Your email address will not be published. Required fields are marked *