ഇരിട്ടി: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് വയോധികയായ മാതാവിൻറെ തല കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ പ്രതിയായ മകൻ റിമാൻറിൽ. ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടികയിൽ വി.പി. ഷെരീഫ് (37 ) നെയാണ് ഇരിട്ടി പോലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പണം നൽകാത്തതിൽ പ്രകോപിതനായ പ്രതി മാതാവിനേയും സഹോദരിയേയും അതിക്രൂരമായി മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്യുക ആയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ. സ്ഥിരം കുറ്റവാളിയാണ് ഷെരിഫ് കളവ്, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ബംഗളുരുവിൽ നിന്നും 1.5 കിലോ കഞ്ചാവുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച പ്രതി മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കാനായി പ്രതി പണം ആവിശ്യപ്പെട്ടത് വിസമ്മിച്ചതോടെയാണ് വയോധികയായ മാതാവിനെയും സഹോദരിയേയും അതിക്രൂരമായി മർദ്ദിക്കുന്നത് .തുടർന്ന് വീടിൻറെ ജനൽ ചില്ലുകളും വീടിനോട് ചേർന്നുള്ള കുഴൽ കിണറിൻറെ പൈപ്പുകളും അടിച്ചുപൊട്ടിച്ച് വൻ നാശനഷ്ടം വരുത്തി. വീടിന് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ച മാതാവിനെ പ്രതി വലിയ കല്ലെടുത്ത് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുക ആയിരുന്നു . മാതാവിനെ രക്ഷിക്കാനായി ഓടിയെത്തിയ സഹോദരിയെ പ്രതി പരിക്കേൽപ്പിച്ചു. ജൂലൈ 21 നടന്ന സംഭവത്തിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പ്രതിയെ പിന്തിരിപ്പിച്ചിരുന്നു എങ്കിലും പരാതി ലഭിച്ചിരുന്നില്ല. തുടർന്നും പ്രതി ഫോണിലൂടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെ കഴിഞ്ഞ ദിവസം മാതാവ് ഉൾപ്പെടെ കുടുംബം ഇരിട്ടി പോലീസിൽ പരാതി നൽകിയത്. തുടർന്നായിരുന്നു പോലീസ് നടപടി.
ലഹരി ഉപയോഗിക്കാൻ പണം നൽകിയില്ല; വയോധികയായ മാതാവിൻറെ തല കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ച മകൻ റിമാൻഡിൽ

