കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചർച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലെത്തിയതായിരുന്നു. സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.
ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി ഉൾപ്പെടെ എം.പിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനുമാണ് പരിഗണനയിൽ. നേരത്തെ കെ മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് മാത്യു കുഴൽനാടൻ. ഇതിനിടെ, പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷി ചുമതലപ്പെടുത്തിയിരുന്നു.

