മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും ഇഡി ഉടൻ നോട്ടീസ് അയക്കും. നേരത്തെ, സുഹൃത്തുക്കളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. ടി വീണക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ കുറെ കാര്യങ്ങൾ ഇഡി തന്നെ പുറത്തുവിട്ടു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് നിരന്തരം പരിശ്രമിക്കുകയാണ്. ഒടുവിലെ ഉദാഹരണമാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള പദ്ധതിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായിയുടെ പേര് സൂചിപ്പിച്ചപ്പോൾ തന്നെ കേസിന്റെ പോക്കിൽ പാർട്ടിക്ക് വ്യക്തത ഉണ്ടായിരുന്നു. അന്ന് തന്നെ എല്ലാ വിവരങ്ങളും പുറത്തുവന്നിരുന്നു. 182 കോടിയുടെ കണക്ക് ആദ്യമേ പുറത്ത് വന്നിരുന്നു. അതിൽ ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുമുണ്ട്. സംഭാവന കൈപ്പറ്റിയ കണക്ക് പുറത്ത് വന്നതാണ്. ഈയൊരു കാര്യം മാത്രം തെരഞ്ഞെടുത്ത് കേസ് കെട്ടിച്ചമച്ചു. മറ്റാർക്കുമെതിരെ കേസ് എടുക്കാത്തത് എന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി കോൺഗ്രസ് ഡീലാണെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
മാസപ്പടി കേസ്; അന്വേഷണവുമായി ഇഡി മുന്നോട്ട്, സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്, റിയാസിന്റെ സുഹൃത്തുക്കൾക്കും നോട്ടീസ് നൽകും

