സംസ്ഥാനത്ത് പരക്കെ മഴ; മലയോര മേഖലകളില്‍ അതീവ ജാഗ്രത


സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. പുലർച്ചെ വരെ തിരുവനന്തപുരം മുതൽ തൃശൂർ വരെ ശക്തമായ മഴ പെയ്തു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. ഇത് അതിതീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് കാലാവസ്ഥ പ്രവചനം. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. 24 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കും. മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. വെള്ളത്തിലിറങ്ങിയുള്ള  വിനോദസഞ്ചാരവും വിലക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കി.അതേസമയം, സംസ്ഥാനത്ത് പല ജില്ലകളിലും മഴ കനത്തെങ്കിലും രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള വഴി തെളിയുന്നില്ല. രാത്രിയില്‍ വ്യത്യസ്‌ത സമയങ്ങളിൽ നിയന്ത്രണമുണ്ടായി. ഇന്നലെ വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് കിട്ടിയിരുന്നില്ല. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങി. മഴ കാരണം വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവുണ്ടായെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും നാമമാത്രമായിരുന്നു. ഇതേ മട്ടിലാണെങ്കിൽ ഇന്ന് രാത്രിയിലും കഴിഞ്ഞ ദിവസത്തേതിന്  സമാനമായ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *