റഷ്യയിലെ സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ ലബോറട്ടറിയില്‍ മാരകമായ അണുബാധ ചോർന്നതായി സംശയം. ഗുരുതര ന്യൂമോണിയ ബാധിച്ച് ലാബിലെ ഗവേഷക മരിച്ചിരുന്നു. ഇതേത്തുടർന്ന് റഷ്യൻ അധികൃതർ നൂറുകണക്കിന് ആളുകളെ നിരീക്ഷണത്തിലാക്കുകയും ക്വാറന്റീൻ നടപടികൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റഷ്യൻ ആരോഗ്യ വിഭാഗവും രാജ്യാന്തര ഏജൻസികളും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റഷ്യൻ വാർത്താ ഏജൻസിയായ ‘ടാസ്’ (TASS) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇർകുട്സ്കിന് അടുത്തുള്ള ഷെലെഖോവിലുള്ള ‘ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ്’ സംഭവം. സാംപിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതിനെ തുടർന്നാണ് ഗവേഷകയ്ക്ക് അണുബാധയേറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഗുരുതരമായ ന്യുമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് മരണപ്പെട്ടു. 28കാരിയായ ദാര്യ ഷിപിലോവയാണ് മരിച്ചത്. എങ്കിലും, ലാബിനുള്ളിൽ എന്താണ് സംഭവിച്ചതെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഗവേഷകയുമായി സമ്പർക്കത്തിൽ വന്ന ഇരുനൂറോളം പേരെ ഷെലെഖോവ് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും സമീപത്തെ മറ്റൊരു ആശുപത്രിയിലും ക്വാറന്റീൻ ഏർപ്പെടുത്തി. സമീപത്തുള്ള അലുമിനിയം പ്ലാന്റിലെ ജീവനക്കാർക്ക് മാസ്ക് ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സമ്പർക്കത്തിലുള്ള ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.
പ്ലേഗ് തന്നെയോ?
അയൽ പ്രദേശമായ ബുറിയാതിയയിലെ ഭരണത്തലവൻ അലക്സി ത്സൈഡെനോവ്, ഗവേഷകയുടെ മരണം ‘ഒരുപക്ഷേ പ്ലേഗ് മൂലമാകാം’ എന്ന് പ്രതികരിച്ചതാണ് ആശങ്കകളുടെ ആക്കം കൂട്ടിയത്. അതേസമയം, ബുറിയാതിയയിൽ പ്ലേഗ് ബാധയില്ലെന്നും വ്യക്തമാക്കി. എന്നാൽ റഷ്യൻ ആരോഗ്യ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സർ’ ഇത് സ്ഥിരീകരിച്ചിട്ടില്ല. അണുബാധ പ്ലേഗ് ആകാൻ സാധ്യതയില്ലെന്നും, ഇനി പ്ലേഗ് ആണെന്ന് സ്ഥിരീകരിച്ചാൽ തന്നെ തണുപ്പുകാലം ആരംഭിച്ചതിനാൽ രോഗവ്യാപനം തടയാനാകുമെന്നും ഏജൻസിയുടെ മുൻ മേധാവി ഗെന്നഡി ഒനിഷ്ചെങ്കോ പറഞ്ഞു. അപകടകരമായ പകര്ച്ചാവ്യാധികളെക്കുറിച്ച് പഠനം നടത്തുന്ന ‘ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ്’ സംഭവം നടന്നതെന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ടെസ്റ്റ് ട്യൂബ് പൊട്ടിയെന്ന റിപ്പോര്‍ട്ടുകളെ റഷ്യൻ എപ്പിഡെമിയോളജിസ്റ്റ് മിഖായേൽ ഫാവോറോവ് ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം ലാബുകളില്‍ ജീവനക്കാർ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ധരിക്കാറുള്ളതിനാൽ ടെസ്റ്റ് ട്യൂബ് പൊട്ടി അണുബാധയുണ്ടായി എന്ന വാദം വിശ്വസനീയമല്ലെന്നും യഥാർഥ വിവരങ്ങൾ ഒരുപക്ഷേ പുറത്തുവന്നേക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാലെ, സംഭവം മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാകുകയായിരുന്നു. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ മോസ്കോയിൽ നിന്നുള്ള മുതിർന്ന ആരോഗ്യ വിദഗ്ദര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. റഷ്യയിലെ ചീഫ് സ്റ്റേറ്റ് സാനിറ്ററി ഡോക്ടർ അന്നാ പോപ്പോവ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പ്രാദേശിക ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
എന്താണ് ന്യൂമോണിക് പ്ലേഗ്?
യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളിൽ ഒന്നാണ് ന്യൂമോണിക് പ്ലേഗ്. ചെള്ളുകൾ (fleas) വഴി പടരുന്ന മറ്റ് പ്ലേഗുകളിൽ നിന്ന് വ്യത്യസ്തമായി, ന്യൂമോണിക് പ്ലേഗ് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുകയും ശ്വസന കണങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരുകയും ചെയ്യും. പനി, തലവേദന, ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം കലർന്ന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മരണനിരക്ക് കൂടുതലാണെങ്കിലും, തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗം പൂർണ്ണമായി ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വായുവിലൂടെ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

