മെസിയെ മറയാക്കിയുള്ള തട്ടിപ്പിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റ് യു ഷറഫലിയും പ്രതിയായേക്കും . ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഷറഫലിക്കെതിരെയും തെളിവുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും അർജൻറീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറിൽ ഷറഫലി സാക്ഷി എന്ന നിലയിൽ ഒപ്പിട്ടിരുന്നു.ഇത് ഗൂഢാലോചനയുടെ ഭാഗം എന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. മുൻ കായിക മന്ത്രിക്കൊപ്പം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റം ഷറഫലിക്കും നിൽക്കുമെന്നും എസ്ഐ ടി പറയുന്നു. എസ് ഐ ടി നൽകിയ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതിനുശേഷം ഉടൻതന്നെ തുടർനടപടിയിൽ തീരുമാനം ഉണ്ടാകും.സംഭവത്തിൽ മുൻമന്ത്രി അബ്ദുറഹിമാനെതിരെ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടി ശുപാർശ ചെയ്തിരുന്നത്. മുൻമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെയും കേസിൽ പ്രതി ചേർത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കളമശേരി സ്റ്റേഷനിലാണ് നിലവിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാർ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കായികമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം ഉപയോഗിച്ചതടക്കം ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായാണ് എസ്ഐടി നേരത്തേ കണ്ടെത്തിയിരുന്നത്. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മെസിയെ മറയാക്കിയുള്ള തട്ടിപ്പ്; സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റും പ്രതിയായേക്കും

