ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ആറളം ഫാമും പുനരധിവാസ മേഖലയും സന്ദർശിച്ചു.


ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടറിയാനും പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു. സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം ശ്രുതി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആറളം ഫാമില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഫാമിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വളയംചാലിലെ കുടുംബശ്രീ പരിശീലന കേന്ദ്രത്തില്‍ പഞ്ചായത്ത് അധികൃതര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ഊരുപ്രമുഖര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ഉന്നതികളിലെ താമസക്കാര്‍ എന്നിവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം, ജീവനോപാധികള്‍, കുടിവെള്ളവും വീടുകളും റോഡുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം, കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, വന്യമൃഗ ആക്രമണം, ആനമതില്‍ അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിനുള്ള തൈകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി വേണമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ആറളത്തെ മികച്ചയിനം കുരുമുളക്, കശുവണ്ടി, കൊക്കോ തുടങ്ങിയവ ഉള്‍പ്പെടുത്തി ആറളം ബ്രാന്‍ഡിന് രൂപം നല്‍കുന്ന കാര്യം ആലോചിക്കണമെന്ന് തുടർന്ന് സംസാരിക്കവേ നിര്‍ദ്ദേശം നല്‍കി. മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ആറളം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റല്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ച ജില്ലാ ജഡ്ജിയും സംഘവും കുട്ടികളുമായി ആശയവിനിമയം നടത്തി. നന്നായി പഠിക്കുന്നതിനോടൊപ്പം നല്ലപോലെ കളിക്കാനും സമയം കണ്ടെത്തണം. വായന പ്രോത്സാഹിപ്പിക്കുന്നതിന് നല്ല പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുമെന്നും ജഡ്ജി പറഞ്ഞു. കോടതി പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കോടതി സന്ദര്‍ശനത്തിന് സൗകര്യമൊരുക്കും. ജില്ലയ്ക്കു പുറത്തുള്ള സ്ഥലത്തേക്ക് വിനോദയാത്ര പോവാനുള്ള ആഗ്രഹം പങ്കുവച്ച വിദ്യാര്‍ഥികളോട് അതിന് അവസരമൊരുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.ആനമതില്‍ നിര്‍മാണം നടക്കുന്ന പ്രദേശവും ജില്ലാ ജഡ്ജിയും സംഘവും സന്ദര്‍ശിച്ചു. മേഖലയിലെ ഏതാനും വീടുകളും ജഡ്ജിയും സംഘവും സന്ദര്‍ശിച്ചു.സബ് കളക്ടര്‍ രവി മീണ, പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, ആറളം സൈറ്റ് മാനേജര്‍ ടി ഷൈജു, ജനപ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.


Leave a Reply

Your email address will not be published. Required fields are marked *