പൂച്ചയെ ചൊല്ലി തര്‍ക്കം? അയല്‍വാസിയുടെ ഒന്നരവയസുകാരിയെ 6–ാം നിലയില്‍ നിന്ന് താഴെ എറിഞ്ഞ് 10വയസുകാരി!


പൂച്ചയെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ ഗൊറേഗാവിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അയല്‍വാസിയുടെ ഒന്നര വയസുള്ള മകളെ 10 വയസുകാരിയായ പെണ്‍കുട്ടി ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് എടുത്തെറിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൂച്ചയുമായി ഫ്ലാറ്റിന്‍റെ ഇടനാഴിയില്‍ ഇരുന്ന് കുട്ടി കളിക്കുകയായിരുന്നു. കുട്ടിയെ നോക്കാന്‍ സഹോദരങ്ങളെ ഏല്‍പ്പിച്ച് അമ്മ അകത്തുപോയ നേരത്താണ് സംഭവം. കുഞ്ഞെവിടെ എന്ന് ചോദിച്ചതോടെ നാല് സഹോരങ്ങളും കൈമലര്‍ത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് താഴെ പടിക്കെട്ടിനടുത്ത് എന്തോ കിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ കുഞ്ഞനുജത്തിയുടേത് പോലെയുള്ള ഉടുപ്പ്. ഉടന്‍ തന്നെ അമ്മയെ വിളിച്ച് കൊണ്ടുവന്ന് നോക്കുമ്പോഴാണ് ഒന്നര വയസുകാരിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ആറാം നിലയില്‍ നിന്ന് കുട്ടി താഴെ വീണതാകാമെന്ന അനുമാനത്തിലെത്തിയെങ്കിലും കൈവരികള്‍ ഉയര്‍ന്നതായതിനാല്‍ സ്വയം അതിലൂടെ ചാടാന്‍ ആവില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചത്. ഇതോടെയാണ് അടുത്ത ഫ്ലാറ്റിലെ പത്തുവയസുകാരി പെണ്‍കുട്ടി കു‍ഞ്ഞിനെ എടുത്തെറിയുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. കുട്ടിയെ എറിഞ്ഞ ശേഷം പെണ്‍കുട്ടി ഒന്നുമറിയാത്തത് പോലെ സ്വന്തം വീട്ടിലേക്ക് കയറിപ്പോകുകയും ചെയ്തു.അപകട മരണത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മരിച്ച കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അതേസമയം, പത്തുവയസുകാരിയുടെ കാര്യത്തില്‍ ക്രിമനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമോ എന്നതില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഏഴുവയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യാറില്ല. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കും അവരുടെ പ്രവര്‍ത്തിയുടെ പ്രത്യാഘാതം തിരിച്ചറിയാത്ത പ്രായമായതിനാല്‍ കോടതിയുടെ തീരുമാനമാകും നിര്‍ണായകമാകുക.


Leave a Reply

Your email address will not be published. Required fields are marked *