ഹര്‍മന്‍ന് 41 പന്തില്‍ 91; സിംബാബ്​വെയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര


സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര 3–0ന് തൂത്തുവാരി ഇന്ത്യ. റായ്പുരില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ ഇന്ത്യ 92 റണ്‍സിന് സന്ദര്‍ശകരെ കെട്ടുകെട്ടിച്ചു. മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഉജ്വല പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഹര്‍മന്‍ വെറും 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി. ഈ പ്രകടനത്തിലൂടെ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്കാരവും ഹര്‍മന്‍ സ്വന്തമാക്കി. പരമ്പരയിലാകെ 128 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ഷെഫാലി വര്‍മയാണ് പ്ലെയര്‍ ഓഫ്ദ് സീരീസ്. ഷഹീദ് വീര്‍നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന് സ്മൃതി മന്ഥനയ്ക്ക് പകരം അനുഷ്ക ശര്‍മയാണ് ഷെഫാലിക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് അഞ്ചോവറില്‍ സ്കോര്‍ 50 കടത്തി. മിന്നല്‍ പ്രകടനം പുറത്തെടുത്ത ഷെഫാലി വെറും 37 പന്തില്‍ 69 റണ്‍സെടുത്തു. 5 സിക്സും 6 ഫോറും ഉള്‍പ്പെട്ട കിടിലന്‍ ഇന്നിങ്സ്! 28 റണ്‍സെടുത്ത അനുഷ്കയും 9 റണ്‍സെടുത്ത നിക്കി പ്രസാദും രണ്ടോവറിന്റെ ഇടവേളയില്‍ വീണപ്പോള്‍ ഹര്‍മന്‍പ്രീത് ഷെഫാലിക്കൊപ്പമെത്തി. ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞശേഷം ഹര്‍മന്‍പ്രീതിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റായ്പുര്‍ കണ്ടത്. സിംബാബ്​വെ ബോളര്‍മാരെ കടന്നാക്രമിച്ച താരം പരമ്പരയിലെ ആദ്യ രണ്ടുമല്‍സരങ്ങളിലെ നിരാശ മറികടന്നു. ആദ്യ ട്വന്റി ട്വന്റിയില്‍ ഒരു റണ്‍സിന് പുറത്തായ ഹര്‍മന് രണ്ടാം മല്സരത്തിലും ബാറ്റുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നേരിട്ട പന്ത്രണ്ടാം പന്തിലാണ് ആദ്യബൗണ്ടറി നേടിയതെങ്കിലും ചിഗോറയുടെ ഓവറില്‍ 20 റണ്‍സെടുത്ത് ഹര്‍മന്‍ ഗിയര്‍ മാറ്റി. പതിനഞ്ചാം ഓവറില്‍ ഷെഫാലി പുറത്തായശേഷവും ഹര്‍മന്‍പ്രീത് ആക്രമണം തുടര്‍ന്നു. സിബന്ദയുടെ ഓവറില് മൂന്ന് ബൗണ്ടറികള്‍ പായിച്ച അവര്‍ കരിയറിലെ 19–ാം അര്ധസെഞ്ചറി കുറിച്ചു. ഒരുഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും അനായാസം ബാറ്റ് ചലിപ്പിച്ച മുന്‍ ക്യാപ്റ്റനെ വീഴ്ത്താന്‍ സിംബാബ്​വെ ബോളര്‍മാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. ഒരുഘട്ടത്തില്‍ സെഞ്ചറി കടക്കുമെന്ന് തോന്നിച്ചെങ്കിലും കരിയറിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടിക്കൊണ്ട് ഹര്‍മന്‍ മല്‍സരത്തില്‍ ഒപ്പുചാര്‍ത്തി. ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റിന് 216 റണ്‍സ്. ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ബാറ്റിങ്ങിനിറങ്ങിയില്ല. മറുപടി ബാറ്റിങ് തുടങ്ങിയ സിംബാബ്​വെയ്ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കെലിസ് എൻഡ്​ലോവുവിനെ നഷ്ടമായി. ക്രാന്തി ഗൗഡിന്റെ പന്തില്‍ നിക്കി പ്രസാദിന് ക്യാച്ച്. രണ്ടാം ഓവറില്‍ മോഡെസ്റ്റർ മുപച്ചീക്വയും വീണതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി. ബിലവ്ഡ് ബീസയെ കൂട്ടുപിടിച്ച് ഷാർനെ മേയേഴ്സ് നടത്തിയ ചെറുത്തുനില്‍പ്പാണ് സിംബാബ്​വെ ഇന്നിങ്സിന് അല്‍പ്പമെങ്കിലും കരുത്തുനല്‍കിയത്. 49 പന്തില്‍ 60 റണ്‍സെടുത്ത മേയേഴ്സും 50 പന്തില്‍ 44 റണ്‍സെടുത്ത ബീസയും നന്ദനി  ശര്‍മയ്ക്ക് കീഴടങ്ങിയതോടെ സിംബാബ്​വെ തോല്‍വി ഉറപ്പിച്ചു. 20 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റ് വീണതോടെ സന്ദര്‍ശകരുടെ ഇന്നിങ്സ് ഏഴുവിക്കറ്റിന് 124 റണ്‍സില്‍ അവസാനിച്ചു. മൂന്നുമല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. റായ്പുരില്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളെടുത്ത നന്ദനി  ശര്‍മ  ബോളര്‍മാരില്‍ താരമായി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ദീപ്തി ശര്മ, നിക്കി പ്രസാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


Leave a Reply

Your email address will not be published. Required fields are marked *