പ്രിയങ്ക ഗാന്ധിയുടെ മകന്‍റെ എക്സിബിഷനില്‍ നിന്ന് 74 ‘ഡല്‍ഹി പ്രതിഷേധ’ ചിത്രങ്ങള്‍ നീക്കി! വിവാദം


കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വദ്രയുടെ ഫോട്ടോ എക്സിബിഷനില്‍ നിന്ന് ഡല്‍ഹി പ്രതിഷേധത്തിന്‍റെ ചിത്രങ്ങള്‍ നീക്കം ചെയ്യിച്ചതായി പരാതി. ദേശീയ പതാകയുടേത് ഉള്‍പ്പടെ ആകെയുള്ള 105 ചിത്രങ്ങളില്‍ 74 ചിത്രങ്ങള്‍ അധികൃതര്‍ നീക്കിയെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള ‘ബിക്കാനീര്‍ ഹൗസി’ലാണ് ‘നോ ഐഡിയ ഈസ് ഫൈനല്‍’ എന്ന പേരില്‍ റെയ്ഹാന്‍ ഇന്നലെ മുതല്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു എക്സിബിഷന്‍റെ പ്രമേയം. ‘എനിക്ക് ചുറ്റും രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ ക്യാമറയിലാക്കിയതാണ് ഞാന്‍. ആളുകള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന താളവും ചലനങ്ങളുമായിരുന്നു എക്സിബിഷന്‍റെ പ്രമേയം’- റെയ്ഹാന്‍ എന്‍ഡിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ പതാകയുടെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ തന്നോട് ബിക്കാനീര്‍ ഹൗസ് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ താനില്ലാത്ത സമയത്ത് ജീവനക്കാരിലൊരാള്‍ അതില്‍ ഒരു ചിത്രം നീക്കം ചെയ്തുവെന്നും റെയ്ഹാന്‍ വെളിപ്പെടുത്തി. എക്സിബിഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിഷേധ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും റെയ്ഹാന്‍ പറയുന്നു. വൈകുന്നേരം മൂന്നരയോടെയാണ് ഡപ്യൂട്ടി റസിഡന്‍റ് കമ്മിഷണര്‍ മനോജ് സിങിന്‍റെ പേരില്‍ രേഖാമൂലമുള്ള സന്ദേശം തനിക്ക് ലഭിച്ചതെന്നും റെയ്ഹാന്‍ പറയുന്നു. ‘ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സമയവും സാഹചര്യവും ഇതല്ല’ എന്നായിരുന്നു തനിക്ക് പ്രിന്‍സിപ്പല്‍ റസിഡന്‍റ് കമ്മിഷണറില്‍ നിന്ന് ലഭിച്ച മറുപടിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘പ്രദര്‍ശനത്തിനുള്ള ചിത്രങ്ങളുടെ ലേഔട്ട് നേരത്തേ തന്നെ അയച്ച് നല്‍കിയിരുന്നതാണ്. കാറ്റലോഗും നല്‍കി. അതിനൊന്നും അന്നാരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല’- റെയ്ഹാന്‍ കൂട്ടിച്ചേര്‍ത്തു. റെയ്ഹാന്‍റെ വെളിപ്പെടുത്തലുകളോട് ബിക്കാനീര്‍ ഹൗസ് അധികൃതരോ, പ്രിന്‍സിപ്പല്‍ റസിഡന്‍റ് കമ്മിഷണര്‍ രോഹിത് കുമാറോ പ്രതികരിച്ചിട്ടില്ല. ത്രിവര്‍ണപതാക പോലും ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് കത്രികയ്ക്കിരയാകുന്നുവെന്നും കലയുടേതല്ല, ഭരണകൂടത്തിന്‍റേതാണ് പ്രശ്നമെന്നും കോണ്‍ഗ്രസ് വക്താവും എംപിയുമായ പവന്‍ ഖേര പ്രതികരിച്ചു. ‘ഫോട്ടോകളില്‍ വളരെ കുറച്ച് മാത്രമേ പ്രതിഷേധത്തിന്‍റേതെന്ന് തിരിച്ചറിയാന്‍ കഴിയുന്നവയുണ്ടായിരുന്നുള്ളു. അതാവട്ടെ, പ്രകോപനപരമെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നതുമായിരുന്നില്ല. എന്താണിവിടുത്തെ കുറ്റം? ദേശീയ പതാകയുടെ ചിത്രം കൂടി നീക്കം ചെയ്തു. സെന്‍സര്‍ഷിപ്പിന്‍റെ ഭീകരമുഖമാണിത്’ –ഖേര എക്സില്‍ കുറിച്ചു.പ്രതിഷേധങ്ങളെ മാത്രമല്ല ഫോട്ടോകളെ കൂടി കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവെന്നും ദേശീയപതാകയെ പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കഴിയുന്നില്ലെന്നും ഈ ഭരണകൂടത്തിന്‍റെ അന്ത്യം അടുത്തുവെന്നും അദ്ദേഹം കുറിച്ചു.  വിവാദത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. 25 വരെയാണ് ബിക്കാനീര്‍ ഹൗസില്‍ എക്സിബിഷന്‍ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യുവജന–പ്രതിപക്ഷ പ്രതിഷേധം ആഴ്ചകളായി ഡല്‍ഹിയില്‍ തുടരുകയാണ്. എസ്ഐആറില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും പട്ടിക റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഹാന്‍റെ അമ്മ പ്രിയങ്കയും, അമ്മാവന്‍ രാഹുലും സമരമുഖത്ത് പ്രതിപക്ഷ നേതാക്കള്‍ക്കും വിദ്യാര്‍ഥി നേതാക്കള്‍ക്കുമൊപ്പം സജീവമാണ്.


Leave a Reply

Your email address will not be published. Required fields are marked *