രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും മികച്ച ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് റെയില്‍വേ. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രാരംഭഘട്ടത്തില്‍ മൂന്ന് വന്ദേഭാരത് ട്രെയിനുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതോടെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കൂടുതല്‍ മികച്ചതാകും. പക്ഷേ മെനു പരിമിതപ്പെടുത്തിയേക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ– ബെംഗളൂരു, ഹൗറ– കാമാഖ്യ, ന്യൂഡല്‍ഹി–വാരണാസി വന്ദേഭാരതുകളിലാണ് ആദ്യഘട്ടത്തില്‍ പരിഷ്കാരം നടപ്പിലാക്കുക. ഫ്ലൈറ്റിലുള്ളത് പോലെ പരിമിത മെനുവില്‍ വൃത്തിയും ഗുണമേന്‍മയുള്ളതുമായ ഭക്ഷണം നല്‍കാനാണ് തീരുമാനം. ഇതോടെ പരാതികള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം തയാറാക്കല്‍ നിലവിലെ കാറ്ററിങ് സര്‍വീസുകാരെ മാറ്റി പ്രമുഖ ക്ലൗഡ് കിച്ചണുകളെ തന്നെ ഏല്‍പ്പിച്ചാണ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. കാമാഖ്യ ലൈനില്‍ മേഫെയര്‍ ഗ്രൂപ്പുമായും ഹൗറയില്‍ താജ്സാറ്റുമായും ന്യൂഡല്‍ഹി റൂട്ടില്‍ സരോവര്‍ പോര്‍ട്ടികോ ഗ്രൂപ്പുമായുമാണ് നിലവില്‍ റെയില്‍വേ ബന്ധപ്പെട്ടിരിക്കുന്നത്. ഇവര്‍ വിമാനക്കമ്പനികള്‍ക്കും ഹോട്ടലുകള്‍ക്കും ദീര്‍ഘനാളായി ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കിപ്പോരുന്നുവെന്നതിനാലാണ് തിരഞ്ഞെടുത്തതെന്നും റെയില്‍വേ പറയുന്നു. മുംബൈ– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ ഇഡ്‌ലിയും വടയും ചമ്മന്തി/ സാമ്പര്‍, പോഹ, ഉപ്പുമാവ് എന്നിവ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്കും രാത്രിയും ചപ്പാത്തി, ചോറ്, ദാല്‍ എന്നിവ പ്രധാന ഭക്ഷണമായും ചിക്കന്‍ അല്ലെങ്കില്‍ വെജ് കുറുമ കറിയായും നല്‍കുന്നു. സൂപ്പ്, എഗ് ഓംലറ്റ്, സാന്‍ഡ്‌വിച്ച്, ബട്ടര്‍മില്‍ക്, ചോക്കലേറ്റ് എന്നിവ ബ്രേക്ക്ഫാസ്റ്റിനും തൈര്, അച്ചാര്‍, മധുരം തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും വന്ദേഭാരതില്‍ ലഭ്യമാക്കിയിരുന്നു. ഇത് ഒഴിവാക്കാനാണ് ഐആര്‍സിടിസിയുടെ നീക്കം. ഇതോടെ ആളൊന്നിന് നല്‍കുന്ന ഭക്ഷണം 700–750 ഗ്രാം എന്നുള്ളത് 450–500 ഗ്രാമായി പരിമിതപ്പെടും. പരീക്ഷണാടിസ്ഥാനത്തിലെ നീക്കം വിജയിച്ചാല്‍ മറ്റ് ദീര്‍ഘദൂര ട്രെയിനുകളിലേക്കും പ്രീമിയം ട്രെയിനുകളിലേക്കും ഈ രീതി തന്നെ സ്വീകരിക്കും.
വന്ദേഭാരതില്‍ ഇനി ഫ്ലൈറ്റ് സ്റ്റൈല്‍ ഭക്ഷണം; വമ്പന്‍ മാറ്റവുമായി റെയില്‍വേ

