• Sun. Oct 20th, 2024
Top Tags

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Bydesk

Dec 6, 2022

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസ‍ർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടപടി. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വൈൾഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബര് 20 നാണ് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൽ ഗോത്രവർഗ്ഗ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസ‍ർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെ തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി എസ്. സി. എസ്. ടി കമ്മീഷന് പരാതി നൽകുകയായിരുന്നു.

കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നി‍ർദ്ദേശം നൽകിയത്.

കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ഗോത്രവർഗ്ഗ കമ്മീഷൻ പൊലീസിന് നിർദേശം നല്‍കിയിരുന്നു.

തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി പീരുമേട് ഡി.വൈ.എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *