• Sat. Oct 19th, 2024
Top Tags

സെല്ലുലോയിഡ്: ഫിലിം ഫെസ്റ്റിവൽ 10ന് കണിയാമ്പറ്റയിൽ

Bydesk

Dec 8, 2022

കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ കണിയാമ്പറ്റ സെൻ്ററും ഗവ.ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന് സെല്ലുലോയിഡ് എന്ന പേരിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ ശനിയാഴ്ച്ച കണിയാമ്പറ്റയിൽ നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സിനിമ പകരുന്ന മഹത്തായ ആശയങ്ങളും മൂല്യങ്ങളും സ്വാശീകരിക്കാനും കുട്ടികളുടെ നൈസർഗികമായ നൻമകളും സർഗാത്മകതയും പരിപോഷിപ്പിക്കുകയുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് ഇവർ പറഞ്ഞു.

ഓരോ സിനിമയും അതു പിറവിയെടുക്കുന്ന ദേശത്തിന്റെ ഭാഷയിലേക്കും സംസ്ക്കാരത്തിലേക്കും ജീവിതങ്ങളിലേക്കും തുറക്കുന്ന ജാലകങ്ങളാണ്.

 

അതിനാൽ സിനിമയും തിരക്കഥയുമൊക്കെ ഇന്ന് സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കുട്ടികൾക്കൊപ്പം സകുടുംബം കാണേണ്ട വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂല്യവത്തായ സിനിമകൾ കാണാൻ അവസരമൊരുക്കുകയാണ് കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്കൂളിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെല്ലുലോയിഡ് ഫിലിം ഫെസ്റ്റിവൽ.

ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ചലചിത്രകാരൻമാരുടെ മഹത്തായ സിനിമകൾ മലയാളം സബ് ടൈറ്റിൽ സഹിതം പ്രദർശിപ്പിക്കും. ബാല്യം, വിദ്യാഭ്യാസം, മാനവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. ഒരേ സമയം 3 സ്ക്രീനുകൾ ഉള്ളതിനാൽ സിനിമ തെരഞ്ഞെടുത്തു കാണാനുള്ള അവസരം ഉണ്ട്. ഡലിഗേറ്റ് പാസ്, ഫെസ്റ്റിവൽ ബുക്ക്, ഭക്ഷണം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പൺ ഫോറത്തിൽ സിനിമ ചർച്ച നടക്കും. വയനാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ എന്നിവരെല്ലാം ഡെലിഗേറ്റുകളായി പങ്കെടുക്കും.

ഹൈദി: അലെൻ സ്പോണർ, ദി സോങ് ഓഫ് സ്പാരോസ്: മാജിദ് മജീദി, മൊവാന ( ആനിമേഷൻ ): റോൺ ക്ലമൻറ്സ്       ആൻഡ് ജോൺ മസ്കർ, ഡ്രീംസ്  അകിര കുറസോവ, ബേകാസ്: കർസാൻ ഖാദർ, സിറ്റി ലൈറ്റ്സ്: ചാർലി ചാപ്ലിൻ, ലിറ്റിൽ ഫോറസ്റ്റ്: യിം സൂൺ-റെ, പഹൂന: പഖി തെർവാല, ദി ഫസ്റ്റ് ഗ്രേഡർ: ജസ്റ്റിൻ ചാഡ്വിക് ,ടർട്ടിൽസ് കാൻ ഫ്ലൈ: ബഹ്മാൻ ഗോബദി, താരെ സമീൻ പർ  അമീർഖാൻ ആൻഡ് അമൽ ഗുപ്ത, സുഡാനി ഫ്രം നൈജീരിയ: സക്കറിയ എന്നിവയാണ് പ്രദർശിപ്പിക്കുന്ന സിനിമകൾ.

വയനാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സിനിമാസ്നേഹികളും പങ്കെടുക്കുന്ന ഫെസ്റ്റിവൽ ഉള്ളടക്കം കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമാണന്ന് ഭാരവാഹികൾ പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ സി.അഷ്റഫ്, ജനറൽ കൺവീനർ അജ്മൽ കക്കോവ്, പ്രധാനാധ്യാപിക സ്മിത ശ്രീധർ, പ്രിൻസിപ്പാൾ പി.ആർ.സുജാത, പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.മുജീബ്, എസ്. എം. സി. ചെയർമാൻ ടി. ടി. ജോസഫ്, ഇ. സി. പ്ലൈ. എം. ഡി. ജാഫർ സിദ്ദീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *