സോമനാഥ ക്ഷേത്രത്തിനടുത്ത് നോണ്‍–വെജ് ഭക്ഷണത്തിന് വിലക്ക്; പിന്‍വലിച്ചു, പിന്നാലെ പുനഃസ്ഥാപിച്ചു


സോമനാഥ ക്ഷേത്രത്തിന്‍റെ 500 മീറ്റര്‍ ചുറ്റളവില്‍ സസ്യേതര ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ ക്ഷേത്ര പരിസരത്തുള്ള ആറ് റസ്റ്ററന്‍റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. മൂന്ന് മണിയോടെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് നിഷ എം തക്കോറാണ് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് അച്ചടിച്ച് വരുന്നതിന് മുന്‍പ് തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അടിയന്തര അപ്പീല്‍ നല്‍കുകയായിരുന്നു. ഓഗസ്റ്റ് പത്തിന് തന്നെ ഇത് സംബന്ധിച്ച അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നതാണെന്നും അതേ സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ജെ.എം. റസ്റ്ററന്‍റ്, ഖ്വാജ ഹിന്ദുസ്ഥാന്‍ റസ്റ്ററന്‍റ്, ന്യൂ ഗുലാബ്, കിസ്മത്, താജ് റസ്റ്ററന്‍റ് എന്നിവരാണ് ഹര്‍ജിക്കാര്‍. ക്ഷേത്രത്തിന്‍റെ അരക്കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മാംസാഹാരം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.  സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്ത് മൂന്ന് മണിക്കൂര്‍ തികയും മുന്‍പാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ക്ഷേത്ര പരിസരം അതീവ പരിശുദ്ധമായി സൂക്ഷിക്കേണ്ടതുണ്ടെന്നും മതപരവും ആചാരപരവും വിശ്വാസപരവുമായ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 1.2 കോടി ആളുകള്‍ സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ചതായും സര്‍ക്കാര്‍ പറയുന്നു. ഋഷികേശ്, ഹരിദ്വാര്‍, അമൃത്സര്‍, മഥുര–വൃന്ദാവന്‍ തുടങ്ങിയ ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും സമാന നിയന്ത്രണങ്ങളുണ്ടെന്നും സോമനാഥ ക്ഷേത്രവും തുല്യ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. നിയന്ത്രണം നഗരം മുഴവനല്ലെന്നും ഭക്തര്‍ സഞ്ചരിച്ചെത്തുന്ന റോഡുകളിലും പദയാത്ര കടന്ന് പോകുന്ന വഴികളിലുമാണ് വിലക്കെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2006  ല്‍ മുട്ട, മാംസം, മല്‍സ്യം എന്നിവ സോമനാഥ ക്ഷേത്രത്തിന്‍റെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കാനോ സൂക്ഷിക്കാനോ പാടില്ലെന്ന് ഉത്തരവുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ വാദിച്ചു. 2018 ലും 2019 ലും മിതമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നും 2026 ല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സോമനാഥ ക്ഷേത്രത്തിന്‍റെ അരക്കിലോ മീറ്റര്‍ ചുറ്റളവിന് പുറമെ  ഭല്‍ക്ക ക്ഷേത്രം, ഭിഡിയ സര്‍ക്കിള്‍, ശംഖ് സര്‍ക്കിള്‍, സഫാരി സര്‍ക്കിള്‍, ഗീതാ മന്ദിര്‍, ഹമിര്‍ജി സര്‍ക്കിള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമാണ്.അതേസമയം, പതിറ്റാണ്ടുകളായി വെജ്–നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പിയിരുന്ന ഭക്ഷണശാലകളാണ് തങ്ങളുടേതെന്നും പുതിയ വിലക്ക് നൂറുകണക്കിന് ജീവനക്കാരുടെയും തങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഇത്രകാലം സസ്യേതര വിഭവം വിളമ്പിയിട്ടും ഒരിക്കല്‍ പോലും ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടില്ലെന്നും ഹര്‍ക്കാര്‍ ബോധിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *