പരിശോധനയ്ക്ക് ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍; സര്‍ക്കാര്‍ പരിശോധന വഴിമുട്ടി


പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധന വഴിമുട്ടിച്ച് എണ്ണക്കമ്പനികള്‍. സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ച സാംപിളുകളുടെ താരതമ്യ പരിശോധനയ്ക്കാവശ്യമായ ശുദ്ധ പെട്രോള്‍ നല്‍കില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ശേഖരിച്ച സാംപിളുകളുടെ കാലാവധി 18 ദിവസത്തിനകം തീരും. പെട്രോളില്‍ എഥനോളിന്റെ അളവ് നോക്കാന്‍ കേരളത്തിലെ 13 പമ്പുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഫലമില്ലാതെ നഷ്ടമായേക്കും. എണ്ണക്കമ്പനികളുടെ ഒളിച്ചുകളിയാണ് സര്‍ക്കാര്‍ പരിശോധനയ്ക്ക് തടസമാകുന്നത്. ശേഖരിച്ച പെട്രോളിന്റെ താരതമ്യ പഠനങ്ങള്‍ക്കായി കെമിക്കല്‍ എക്സാമിനേഴ്സ് ലാബ് ആവശ്യപ്പെട്ട ശുദ്ധ പെട്രോള്‍ നല്‍കാനാവില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നിലപാട്. ശുദ്ധ പെട്രോള്‍ നല്‍കുന്നതിന് കേന്ദ്രത്തിന്റെ വിലക്കുണ്ടെന്ന് ഐഒസി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ആദ്യം കെമിക്കല്‍ എക്സാമിനേഴ്സ് ലാബ് അധികൃതരും പിന്നാലെ ഭക്ഷ്യവകുപ്പും രേഖാമൂലം കത്തയച്ചെങ്കിലും നല്‍കാനാവില്ലെന്ന നിലപാടിലാണ് എണ്ണകമ്പനി. ഇതോടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ലാബുകളിലുള്ള സാംപിളുകളുടെ തുടര്‍പരിശോധന നിലച്ചു. പെട്രോളിലെ എഥനോൾ അളവിന്റെ ശാസ്ത്രീയപരിശോധനയായ ഗ്യാസ് ക്രോമാറ്റോഗ്രഫിക്ക് ശുദ്ധമായ പെട്രോള്‍ ആവശ്യമാണ്. കര്‍ണാടകയില്‍ നടന്ന പരിശോധനയില്‍ പെട്രോളില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഒന്‍പതിന് കേരളവും സാംപിളുകള്‍ ശേഖരിച്ചുതുടങ്ങിയത്. കര്‍ണാടകയിലെ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളിയതിന് പ്രധാന കാരണം ശുദ്ധ പെട്രോളുമായുള്ള താരതമ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഈ പിഴവ് വരുത്താതിരിക്കാന്‍ നടപടികള്‍ എല്ലാം പാലിച്ചാണ് കേരളം നീങ്ങിയത്. നിയമം പറയുന്ന പോലെ തന്നെ എണ്ണക്കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തില്‍ സാംപിളുകള്‍ ശേഖരിക്കുകയും സാംപിളുകളില്‍ ഒന്ന് കൈമാറുകയും ചെയ്ത ശേഷമാണ് ലാബുകള്‍ക്ക് നല്‍കിയത്. എഥനോള്‍ അളവ് പരിശോധിക്കാനുള്ള കിറ്റുകള്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷം പരിശോധനയ്ക്ക് ആവശ്യമായ ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനി നിലപാട് എടുക്കുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന സംശയമാണ് ഉയരുന്നത്.


Leave a Reply

Your email address will not be published. Required fields are marked *