• Thu. Sep 19th, 2024
Top Tags

മലയോരത്ത് ബാക്കിയാകുന്നത് ആളൊഴിഞ്ഞ വീടുകൾ; നടുവിൽ, ആലക്കോട്, ഉദയഗിരി, ഏരുവേശ്ശി പഞ്ചായത്തുകളിലാണ് ഏറ്റവുമധികം ആളുകൾ കുടിയിറങ്ങുന്നത്

Bynewsdesk

Oct 30, 2023

മലയോര പഞ്ചായത്തുകളിലെ ഉൾഗ്രാമങ്ങളിൽ ആളൊഴിഞ്ഞ വീടുകളുടെ എണ്ണം കൂടുന്നു. നടുവിൽ, ആലക്കോട്, ഉദയഗിരി, ഏരുവേശ്ശി പഞ്ചായത്തുകളിലാണ് വീടും സ്ഥലവും വിറ്റും താമസം മാറ്റിയും ആളുകൾ കുടിയിറങ്ങുന്നത്.

നടുവിൽ പഞ്ചായത്തിലെ പൊട്ടൻപ്ലാവ്, കനകക്കുന്ന്, മുന്നൂർ കൊച്ചി, ചെകുത്താൻകാട്, കരാമരം തട്ട്, മൈലംപെട്ടി, മാവുഞ്ചാൽ, പാത്തൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിന് വീടുകളാണ് ആളൊഴിഞ്ഞുകിടക്കുന്നത്.

കാടുമൂടിയും തകർന്നും കിടക്കുകയാണ് പല വീടുകളും. ഇവയിൽ പലതും വിറ്റൊഴിവാക്കിയതാണ്. ചിലത് വ്യക്തിപരമായ സൗകര്യത്തിനായി നഗരങ്ങളിലേക്ക് താമസംമാറിയവരുടേതും.

കാരണങ്ങൾ പലത്:

കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് കുടിയിറക്കിന് പ്രധാന കാരണം. തെങ്ങും കവുങ്ങും നശിച്ചത് വൻ തിരിച്ചടിയായി. പറന്പിലെ പണിചെയ്യാൻ തൊഴിലാളികളെ കിട്ടാത്തത് മറ്റൊരു പ്രശ്നമാണ്. റബ്ബർ ടാപ്പ് ചെയ്യാൻ പോലും ആളില്ലാത്ത സ്ഥിതി വന്നതോടെ കർഷകർ പ്രതിസന്ധിയിലാവുകയുംചെയ്തു.

ദുരിതമായി വന്യമൃഗ ശല്യം:

ആനയും പന്നിയും കുരങ്ങൻമാരും കൃഷിയിടങ്ങളിൽ എത്തിയതാണ് കൃഷിക്കാരെ കൂടുതൽ മടുപ്പിച്ചത്. കപ്പയും ചേനയും ചേമ്പും പച്ചക്കറിയും കൃഷിചെയ്യാൻ പറ്റാത്തിടത്ത് കഴിയാൻ ഭൂരിഭാഗം ആളുകൾക്കും താൽപ്പര്യമില്ലാതായി.

ചെറുപ്പക്കാർ വിദേശങ്ങളിൽ:

വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിക്കുമായി പോകുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടി. ഇതുമൂലം മലയോരത്തെ വീടുകളിൽ പ്രായമായവർ മാത്രമായി ചുരുങ്ങി. നഗരങ്ങളിലേക്ക് മുതിർന്നവരുടെ താമസം മാറ്റുന്നതിന് ഇതും കാരണമായി. ഗതാഗത സൗകര്യമില്ലാത്തതാണ് ഈ മലയോര ഗ്രാമങ്ങൾ. രണ്ട് പതിറ്റാണ്ട് മുമ്പ് ബസ് സർവീസുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ജീപ്പുകൾ പോലും ഓടിക്കാനാവുന്നില്ല.

കുട്ടികളില്ലാതെ വിദ്യാലയങ്ങൾ:

മുന്നൂറും നാനൂറും കുട്ടികൾ പഠിച്ചിരുന്ന പൊതുവിദ്യാലയങ്ങളിൽ കൈവിരലിൽ എണ്ണാവുന്ന കുട്ടികളാണിപ്പോൾ ഉള്ളത്. ഗവൺമെന്റ്, എയ്ഡഡ് വ്യത്യാസമില്ലാതെ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു. നടുവിൽ പഞ്ചായത്തിലെ പൊട്ടൻപ്ലാവ്, പാത്തൻപാറ, മൈലംപെട്ടി, തുരുമ്പി, അരങ്ങ് എന്നിവിടങ്ങളിലെ ആറ് വിദ്യാലയങ്ങളിലായി വളരെ കുറച്ച് വിദ്യാർഥികളാണ് ഇപ്പോൾ ഉള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *