• Fri. Sep 20th, 2024
Top Tags

കർണാടക വനത്തിൽ എഎൻഎഫ് തിരച്ചിൽ ശക്തം; മാവോയിസ്റ്റ് വിരുദ്ധസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും

Bynewsdesk

Nov 10, 2023

ഇരിട്ടി ∙ വയനാട്ടിലെ പേര്യയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ പശ്ചാത്തലത്തിൽ കേരളത്തിന് അതിരിടുന്ന കർണാടക വനത്തിൽ ആന്റി നക്സൽ ഫോഴ്സിന്റെ(എഎൻഎഫ്) നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള – കർണാടക വനമേഖല കേന്ദ്രീകരിച്ചാണു മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളും ഒളിത്താവളങ്ങളും. വയനാട്ടിലെ ഏറ്റുമുട്ടലിനെ തുടർന്നു കേരള വനത്തിൽ തണ്ടർബോൾട്ടും എഎൻഎഫും പൊലീസും പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ കർണാടക വനത്തിലേക്കു മാവോയിസ്റ്റുകൾ കടക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണു കർണാടക നിരീക്ഷണം ശക്തമാക്കിയത്.

മുൻപ് ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ വനപാലകർക്കു നേരെ വെടിവയ്പ്പുണ്ടായപ്പോൾ അമ്പലപ്പാറ ഹിൽ സ്റ്റേഷനിലേക്കു വസ്തുതാ അന്വേഷണത്തിനു പോയ വനംസംഘം പക്ഷിപാതാളത്തിനു സമീപം കർണാടക മേഖലയിൽ എഎൻഎഫ് സംഘത്തെ കണ്ടിരുന്നു. എഎൻഎഫ് സേനാംഗങ്ങൾ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടെയുള്ള വനമേഖലകൾ അരിച്ചുപെറുക്കുന്നതായാണു സൂചന. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കർണാടകയുടെ എഎൻഎഫും തമിഴ്നാടിന്റെ ക്യു ബ്രാഞ്ചും ഐബിയും നേരത്തേ മുതൽ നിരീക്ഷിക്കുന്നുണ്ട്. കേരളവനമേഖലയിലും തിരച്ചിൽ ശക്തമാണ്.

തങ്ങളുടെ സംഘത്തിലെ 2 പേരെ പിടികൂടിയതിന്റെയും ഒരാൾക്കു വെടിയേറ്റതിന്റെയും തിരിച്ചടി കേരള പൊലീസും സംശയിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി കണക്കാക്കുന്ന കരിക്കോട്ടക്കരി, ആറളം, ഇരിട്ടി, കേളകം പൊലീസ് സ്റ്റേഷനുകളിൽ കാവൽ വർധിപ്പിച്ചിട്ടുണ്ട്. ഇരിട്ടി സബ് ഡിവിഷൻ പരിധിയിൽ മാവോയിസ്റ്റ് വിരുദ്ധസേനകളുടെ പ്രവർത്തനത്തിനു പിന്തുണ നൽകാൻ ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും എത്തിച്ചു. വാഹനത്തിനുള്ളിൽ നിന്നു തന്നെ വെടിവയ്പ് നടത്താവുന്ന ടാങ്ക് സമാനമായ വാഹനമാണു കരിക്കോട്ടക്കരി സ്റ്റേഷൻ പരിസരത്തു ക്രമീകരിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *