• Fri. Sep 20th, 2024
Top Tags

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യസഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

Bynewsdesk

Nov 22, 2023

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. ആരോഗ്യവകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്കു പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘടപാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.

കനിവ് 108 ആംബുലൻസ് പദ്ധതിക്കു കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾഫ്രീ നമ്പറിലേക്കു ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

ദുർഘടപാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിലുണ്ടായിരിക്കും. പമ്പയിൽനിന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റുസ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനികസംവിധാനങ്ങളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *