• Fri. Sep 20th, 2024
Top Tags

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ച

Bynewsdesk

Dec 8, 2023

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​ ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടി ജനങ്ങളുമായി കൂടിയാലോചിക്കാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണ് എന്നുമായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തുടരണം എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഹര്‍ജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉള്‍പ്പടെ 18 അഭിഭാഷകരുടെ വാദം 16 ദിവസം എടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേട്ടത്.

 

20 ലേറെ പരാതികളാണ് വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിൽ മുമ്പെങ്ങുമില്ലാത്ത വിധം സമാധാനവും സുസ്ഥിതിയും തിരിച്ചെത്തിച്ചെന്നും കല്ലെറിയലും സ്കൂൾ അടച്ചുപൂട്ടലും ഇപ്പോൾ സംഭവിക്കാറില്ലെന്നും കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, വകുപ്പ് റദ്ദാക്കിയ ശേഷമുള്ള സംഭവങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്നും ഭരണഘടന വിരുദ്ധമാണോ എന്ന വിഷയവുമായി അതിന് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *