• Fri. Sep 20th, 2024
Top Tags

തൊഴിലാളികളെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കാന്‍ ലേബര്‍ ബാങ്ക്

Bynewsdesk

Dec 8, 2023

കണ്ണൂർ:-തൊഴിലാളികളെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ബാങ്ക് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നു. വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അവരുടെ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.

ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.ആപ്പ് ഉപയോഗിക്കാനായി രണ്ടുതരം രജിസ്‌ട്രേഷനാണ് ഉള്ളത്. തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അവരുടെ വിവരങ്ങള്‍ അടങ്ങിയ പ്രൊഫൈല്‍ ഉണ്ടാക്കാം. സേവനം ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്താം.
പെയിന്റിംഗ്, മരപ്പണി, വീട്ടുജോലികള്‍, കൃഷിപ്പണികള്‍, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, പ്ലംബിംഗ് തുടങ്ങി എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്യാം.നിലവില്‍ വിവിധ ജോലികള്‍ക്കായി തൊഴിലാളികളെ ലഭ്യമാകാത്തതും നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ദിനേശ് ഐ ടി സിസ്റ്റമാണ് സോഫ്റ്റ് വെയർ തയാറാക്കുന്നത്. ആപ്പ് പരിചയപ്പെടുത്തുന്നതിനായി തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ദിനേശ് ഐ ടി സിസ്റ്റം സോഫ്റ്റ് വെയർ ഡെവലപര്‍ എം കെ വിശാഖ് ആപ്പ് പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ദിനേശ് ഐ ടി ജനറല്‍ മാനേജര്‍ പി എം മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *