• Thu. Sep 19th, 2024
Top Tags

കുടകിൽ കേരളത്തിലേക്ക് വരികയായിരുന്ന മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു

Bynewsdesk

Dec 11, 2023

ഇരിട്ടി: മൈസൂരുവിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാർത്ഥിയുമായ അഫ്നു (22 ) എന്നിവരെയാണ് തങ്ങൾ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയിൽ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവിൽ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വർണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോൾ റോഡരികിൽ ബ്രേക്ക് ഡൗണായ നിലയിൽ ലോറി കിടക്കുന്നതു കണ്ടു.

കാർ നിർത്തിയപ്പോൾ ചില വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേർ അടങ്ങുന്ന സംഘം ഇവരോട് പണം ആവശ്യപ്പെട്ടു. മലയാളത്തിലായിരുന്നു ഇവർ സംസാരിച്ചത്. എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ അക്രമികൾ ഇവരെ കാർ അടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തങ്ങളുടെ കയ്യിലിലുണ്ടായിരുന്ന സ്വർണം വിറ്റുകിട്ടിയ അമ്പതു ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയും വിജനമായ ഇരുട്ടുള്ള സ്ഥലത്ത് ഇറക്കിവിട്ട് കടന്നു കളയുകയുമായിരുന്നു. ഇരുട്ടിൽ എവിടെയാണെന്നറിയാതെ ഒന്നരക്കിലോമീറ്ററോളം നടന്ന് മെയിൻ റോഡിൽ എത്തി. ഇതുവഴിവന്ന ഒരു പത്രവാഹനത്തിൽ കയറി പുലർച്ചെ 4 മണിയോടെ വീരാജ് പേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

ഗോണിക്കുപ്പക്കടുത്ത ദേവപുരയാണ് ഇവരെ ഇറക്കിവിട്ട സ്ഥലം എന്ന് മനസ്സിലാക്കിയതോടെ പോലീസ് ഇവരെ ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഷംജദിന്റെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ പരിശോധനയിൽ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഇവരുടെ കാർ കേടുപാടുകളോടെ കോലത്തോട് വില്ലേജിൽ നിന്നും കണ്ടെടുത്തു. ഐ ജി ഡോ. ബോറലിംഗപ്പ, ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

അഡീഷണൽ എസ് പി യുടെയും, ഡി വൈ എസ് പി യുടെയും നേതൃത്വത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ചേർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *