• Thu. Sep 19th, 2024
Top Tags

ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി സ്വകാര്യ ബസുകള്‍; നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാ

Bynewsdesk

Dec 21, 2023

കണ്ണൂര്‍: ക്രിസ്തുമസും പുതുവത്സരവും എത്തിയതോടെ ബെംഗളുരുവില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച്‌ സ്വകാര്യ ബസുകള്‍.

ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന നിരക്കുകളിലും വൻ വര്‍ധനവാണ്. നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാര്‍ വലയുകയാണ്. കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ആര്‍. ടി.സി അറിയിച്ചു.

ബെംഗളുരുവില്‍ നിന്ന് നാളെ കണ്ണൂരിലെത്താൻ സ്വകാര്യ എ സി സ്ലീപ്പര്‍ ബസില്‍ ഈടാക്കുന്നത് 2999 രൂപ.സെമി സ്ലീപ്പറെങ്കില്‍ 2495 രൂപ.യാത്ര മറ്റന്നാളത്തേക്ക് മാറ്റാമെന്ന് കരുതിയാലും കാര്യമില്ല.2800 മുതല്‍ 3000 വരെ നല്‍കണം.ബെംഗ്ലുരുവില്‍ നിന്ന് കോഴിക്കോടേക്കാണ് യാത്രയെങ്കില്‍ ടിക്കറ്റ് നിരക്ക് 3250 മുതല്‍ 3500 രൂപ വരെ.

ചുരുക്കത്തില്‍ നാല് അംഗങ്ങളുളള ഒരു കുടുംബത്തിന് നാട് പിടിക്കാൻ ചെലവ് 12000 ല്‍ അധികം വേണം .ഇനി ആകാശ യാത്രയെ ആശ്രയിക്കാമെന്ന് കരുതിയാല്‍ അവിടെയും കൊളള തന്നെ.ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോയുടെ മൂന്ന് സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസിൻറെ ഒരു സര്‍വ്വീസുമാണ് ദിനംപ്രതിയുളളത്.സാധാരണ നിലയില്‍ 3000 മുതല്‍ 4000 വരെയാണ് ടിക്കറ്റ് നിരക്ക് എങ്കില്‍ നിലവിലിത് 8000 മുതല്‍ 13000 വരെയായി ഉയര്‍ന്നിട്ടുണ്ട്. ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.ട്രയിൻ സര്‍വീസുകളുടെ പരിമിതിയാണ് യാത്രാ ക്ലേശത്തിന്‍റെ പ്രധാന കാരണം.ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇന്ന് മുതല്‍ 23 വരെ ബെംഗളുരുവിലേക്ക് കണ്ണൂരില്‍ നിന്നും അധിക സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് യാത്രാ ക്ലേശത്തിനുളള പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ബെംഗളൂരുവിലെ മലയാളികള്‍.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *