• Sat. Oct 19th, 2024
Top Tags

റഷ്യ-യുക്രൈന്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി

Bydesk

Mar 8, 2022

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നിരിക്കിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഈ ചര്‍ച്ചയിലൂടെയും ഉണ്ടായിട്ടില്ലെന്ന് യുക്രൈന്‍ വക്താവ് മൈഖൈലോ പോഡോല്യ അറിയിച്ചു.

റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ യുക്രൈനില്‍ നിന്ന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. അതിനിടെ യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈന്‍ സാഹചര്യം വിലയിരുത്തി. അതേസമയം സൂമിയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറപ്പെടാനായില്ല.

അഞ്ചുബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും സുരക്ഷിതമല്ലെന്ന് കണ്ട് യാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ന് സാഹചര്യം വഷളായിരുന്നു. രാജ്യത്തെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും ഇന്ന് റഷ്യയുടെ ആക്രമണമുണ്ടായി.

ആക്രമണത്തില്‍ ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്‌ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *