• Sat. Oct 19th, 2024
Top Tags

നവവരൻ അപകടത്തിൽ മരിച്ചത് നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെ; പ്രിയപ്പെട്ടവന്റെ വിയോ​ഗം അറിയാതെ ഭാര്യ ആശുപത്രിയിലും

Bydesk

Mar 15, 2022

തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ജംക്‌ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച സാദിഖിന്റെയും അജീഷിന്റെയും വിയോ​ഗത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുാകാരും ബന്ധുക്കളും. വിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയും മുമ്പാണ് നാവായിക്കുളം പലവക്കോട് താളിക്കല്ലിൽ വീട്ടിൽ സാദിഖിനെ മരണം തട്ടിയെടുത്തത്.

നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് യുവാവ് അപകടത്തിൽ പെട്ട് മരിച്ചത്. ഇതേ അപകടത്തിൽ മരിച്ച വടശ്ശേരിക്കോണം ഞെക്കാട് ചരുവിള പുത്തൻ വീട്ടിൽ എ.അജീഷും നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. ഞായറാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. രാത്രിയിൽ ബൈക്കും സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഓരോ യാത്രികരായ സാദിഖും അജീഷും മരിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭാര്യ ഫൗസിയ സാദിഖിന്റെ മരണവിവരം ഇന്നലെ വൈകിട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 17നായിരുന്നു ഇവരുടെ വിവാഹം.

നാളെ ദുബായിലേക്ക് മടങ്ങാനിരുന്ന ആളാണ് സാദിഖ് .ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ സാദിഖും ഫൗസിയയും മടങ്ങവെയാണ് അപകടം. നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു അപകടത്തിൽ മരിച്ച വടശ്ശേരിക്കോണം ഞെക്കാട് ചരുവിള പുത്തൻ വീട്ടിൽ എ.അജീഷ്(27) ഹൃദ്രോഗിയായ പിതാവിന്റെയും വിദ്യാർഥിയായ അനുജന്റെയും ചെലവുകൾ അജീഷിന്റെ വരുമാനത്തിലാണ് നടന്നിരുന്നത്.

കശുവണ്ടി ഫാക്ടറി തൊഴിലാളിയായ അമ്മ കുടുംബ ചെലവുകളിൽ അജീഷിന് താങ്ങായി. മൂന്നു വർഷം മുൻപ് വിദേശത്ത് പോയ അജീഷ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തെ ജോലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.

പിന്നീട് തിരിച്ചു പോകാൻ കഴിഞ്ഞില്ല. കൂലിപ്പണികൾ ഉൾപ്പെടെ ചെയ്തു തുടങ്ങി. അടുത്ത സമയത്താണ് സുഹൃത്ത് മിഥുന്റെ മത്സ്യ ഫാമിൽ സഹായിയായി ചേർന്നത്. ഫാമിലെ ആവശ്യത്തിന് വേണ്ടി കൊല്ലത്ത് മിഥുനുമായി പോയി വരുമ്പോഴാണ് അപകടം. അപകടത്തിൽ പരുക്കേറ്റ മിഥുനും ചികിൽയിലാണ്.

സാദിഖിന്റെ മൃതദേഹം പലവക്കോടുള്ള വീട്ടിൽ പൊതു ദർശനത്തിന് കൊണ്ടു വന്നു. പിന്നീട് കുടുംബസ്ഥലമായ കൊല്ലം ജില്ലയിലെ ഓയൂർ മഞ്ഞപ്പാറ ജുമാ മസ്ജിദിൽ ഖബർ അടക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം അജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *