• Fri. Oct 18th, 2024
Top Tags

സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണം; സുപ്രിംകോടതിയിൽ ഹർജി

Bydesk

Mar 25, 2022

സിൽവർ ലൈൻ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്താമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *