• Fri. Oct 18th, 2024
Top Tags

എത്ര വേണമെങ്കിലും പിഴുതെറിയാം; കണ്ണൂരിലുണ്ട് സർവേക്കല്ലുകൾ, ഇനിയും തയാറാക്കാനുള്ള സൗകര്യവും

Bydesk

Mar 26, 2022

കണ്ണൂർ∙സമരക്കാർ അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞോട്ടെ ഇവിടെ തികഞ്ഞില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ രൂപത്തിലുള്ള പ്രതികരണം. കൗതുകത്തിന്റെ പേരിൽ നടത്തിയ അന്വേഷണത്തിൽ ഒരു കാര്യം ബോധ്യമായി; സിൽവർ ലൈൻ വിരുദ്ധ സമരക്കാർ എത്ര പിഴുതെറിഞ്ഞാലും പകരം വയ്ക്കാനുള്ള അടയാളക്കല്ലുകൾ കണ്ണൂരിലുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സർവേക്കു വേണ്ടിയാണ് ഇവിടെ കുറ്റികൾ തയാറാക്കിയതെങ്കിലും മറ്റു സ്ഥലങ്ങളിലേക്കു വേണമെങ്കിലും കൊണ്ടു പോകാം. നിലവിൽ 5000 കുറ്റികൾ സ്റ്റോക്കുണ്ട്.

കണ്ണൂരിലെ ഒരു സ്വകാര്യ സിമന്റ് ഉൽപന്ന സ്ഥാപനത്തിലാണ് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കു വേണ്ട അടയാളക്കല്ലുകൾ നിർമിക്കുന്നത്. ആവശ്യത്തിനനുസരിച്ച് എത്ര വേണമെങ്കിലും ഇനിയും തയാറാക്കാനുള്ള സൗകര്യവുമുണ്ട്. 2019 ലാണ് കണ്ണൂർ ജില്ലയിലെ ജലപാത, കണ്ണൂർ കാസർകോട് ജില്ലകളിലെ സിൽവർ ലൈൻ സർവേകൾക്കു വേണ്ടി കുറ്റി നിർമിക്കാൻ ഈ സ്ഥാപനത്തിന് ഉപകരാർ ലഭിച്ചത്. ഇതനുസരിച്ച് 6000 കുറ്റികൾ നിർമിച്ചു.1000 കുറ്റികൾ  മാഹി–വളപട്ടണം ജലപാത സർവേയ്ക്കും സിൽവർ ലൈൻ സർവേയ്ക്കുമായി കൊണ്ടുപോയി.

സിൽവർ ലൈൻ സർവേയ്ക്കുള്ള കുറ്റികൾ കഴിഞ്ഞ വർഷം മാർച്ചിൽ എടുക്കുമെന്നായിരുന്നു പറഞ്ഞത്. ഒരു വർഷം കഴിഞ്ഞിട്ടും  കുറ്റികൾ എടുക്കാൻ അധികൃതർ എത്താത്ത സാഹചര്യത്തിൽ സ്ഥാപനം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സർവേ നടത്തുന്നതിന് കോടതിയുടെ സ്റ്റേ ഉണ്ടെന്നും അതു നീങ്ങിയാൽ കുറ്റികൾ എടുക്കാമെന്നുമാണ് മറുപടി ലഭിച്ചത്. ഓർഡർ പ്രകാരം തയാറാക്കിയ കുറ്റികൾ സർക്കാർ എടുക്കുന്നില്ലെങ്കിൽ 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്ന് കമ്പനി ഉടമ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് കെ റെയിൽ എൻജിനീയർമാർ കമ്പനിയിൽ എത്തിയാണ് കുറ്റിയുടെ ഘടന തയാറാക്കിയത്. നിർമാണത്തിനുള്ള മാർഗ നിർദേശങ്ങളും നൽകി. തൊഴിലാളികൾ രാത്രിയും പകലും ജോലി ചെയ്താണ് കുറ്റികൾ നിർമിച്ചത്. സ്റ്റോക്കുള്ള പകുതിയോളം കുറ്റികൾക്ക്  മഞ്ഞ ചായം പൂശിക്കഴിഞ്ഞു. ഒരു കുറ്റിയുടെ നിർമാണത്തിന് 500 രൂപയിലധികം ചെലവ് വരും. ഇത് അതത് സ്ഥലങ്ങളിൽ സ്ഥാപിക്കുമ്പോഴേക്കും 1000 രൂപ ചെലവു വരുമെന്നാണു കണക്കാക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *