• Fri. Oct 18th, 2024
Top Tags

ജനങ്ങൾ വലഞ്ഞു, യാത്രാദുരിത ദിനം; ജില്ലയിൽ ഇപ്പോഴുള്ളത് 700 ബസുകൾ മാത്രം…

Bydesk

Mar 26, 2022

കണ്ണൂർ∙യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ആദ്യദിനം ജില്ലയിൽ യാത്രാദുരിതം. ജില്ലയിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിയതോടെ ജനങ്ങൾ വലഞ്ഞു. സമാന്തര സർവീസ് ഉണ്ടായിരുന്നെങ്കിലും യാത്രാ ക്ലേശം പരിഹരിക്കപ്പെട്ടില്ല. കെഎസ്ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. വാർഷിക പരീക്ഷ തുടങ്ങിയതിനാൽ ബസ് സൗകര്യം ഇല്ലാത്തതു വിദ്യാർഥികളെയും വലച്ചു. പതിവ് സർവീസുകളല്ലാതെ കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്കു കഴിഞ്ഞില്ല.

അധികം സർവീസ് നടത്താൻ ബസുകൾ ഇല്ലാത്തതാണ് കെഎസ്ആർടിസിക്ക് തടസ്സമായത്. സമാന്തര സർവീസ് അൽപം എങ്കിലും ആശ്വാസമായെങ്കിലും അമിത ചാർജ് ഈടാക്കിയെന്ന പരാതിയുയർന്നു. ടെംപോ, ജീപ്പ്,വാൻ, ടൂറിസ്റ്റ് ബസ് എന്നിവ സമാന്തര സർവീസുമായി രംഗത്തെത്തി. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. വലിയ തുക യാത്രയ്ക്കായി ചെലവഴിച്ച് ഓട്ടോയും കാറും സജ്ജമാക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയച്ചത്.

തകർന്ന് ബസ് വ്യവസായം

കോവിഡിനു മുൻപ് 1350 സ്വകാര്യ ബസുകൾ‌ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ഇപ്പോഴുള്ളത് 700 ബസുകൾ മാത്രമാണ്. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടതോടെ ബസുകൾ ഷെഡിലായി. എൻജിനുകൾ പ്രവർത്തനരഹിതമാകാൻ ഇതു കാരണമായി. വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതോടെ അറ്റകുറ്റപ്പണികളും നടത്താതായി. ജില്ലയിൽ 200 ബസുകൾ തുരുമ്പെടുത്തും മറ്റും നശിച്ചു.

150 ലേറെ ബസുകൾ ജി ഫോം നൽകി പെർമിറ്റ് സറണ്ടർ ചെയ്ത് ഒഴിവായി. അനിയന്ത്രിതമായ ഇന്ധന വില വർധന, സ്പെയർ പാർട്സുകളുടെ വില വർധന, മാനദണ്ഡങ്ങളില്ലാതെയുള്ള നികുതി എന്നിവ ഉടമകൾക്കു താങ്ങാൻ കഴിയാതായി. കോവിഡിന്റെ വരവോടെ വ്യവസായം കൂടുതൽ തകർന്നു. ഈ പശ്ചാത്തലത്തിലാണു യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവ​ശ്യം ഉയർന്നത്.

പ്രതിഷേധ പ്രകടനം ഇന്ന്

ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾ ഇന്ന് 10നു കലക്ടറേറ്റിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നു ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *