• Fri. Oct 18th, 2024
Top Tags

ഒരു വശത്ത് റെയിൽപാത, മറുവശത്ത് സിൽവർലൈൻ; ആശങ്കയുടെ പാളങ്ങൾക്കിടയിൽ ആയിരങ്ങൾ

Bydesk

Mar 30, 2022

കണ്ണൂർ / കോഴിക്കോട് ∙ നിലവിലെ റെയിൽപാതയ്ക്കും നിർദിഷ്ട സിൽവർലൈൻ പാതയ്ക്കുമിടയിൽ കുടുങ്ങി ഒട്ടേറെ കുടുംബങ്ങൾ. റെയിൽപാതയ്ക്കു സമാന്തരമായി സിൽവർലൈൻ അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണിത്.സാമൂഹികാഘാത പഠനം പൂർത്തിയാക്കിയ മേഖലകളിൽ ഇത്തരത്തിൽ ഒട്ടേറെ വീടുകളുണ്ട്.

‘‘വീട്ടുമുറ്റത്തേക്ക് ഇറങ്ങിയാൽ കാൽ വയ്ക്കുന്നത് റെയിൽവേ ബഫർ സോണിൽ. കഴിഞ്ഞ ദിവസം വീടിനു പിന്നിൽ സിൽവർലൈനിനു കുറ്റിയടിച്ചു. ഇപ്പോൾ അവിടെയും ബഫർ സോണായി. ഇതിനിടയിൽ എങ്ങനെ ജീവിക്കും? ബഫർ സോണിൽ ഉള്ളവർക്ക് നഷ്ടപരിഹാരം പോലും കിട്ടില്ലെന്നു പറയുന്നു. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകാനാകുമോ?’’– കോഴിക്കോട് പന്നിയങ്കര വൈഎംആർസി റോഡ് കാവോട്ടുപറമ്പ് നവനികേതനിൽ നവനീതം ചോദിക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം സമരത്തിനിറങ്ങാനാണു ബഫർ സോണിൽ ഉള്ളവരുടെയും ആലോചന. ഇതിനായി പന്നിയങ്കരയിൽ നൂറോളം കുടുംബങ്ങൾ ചേർന്നു സമിതി രൂപീകരിച്ചു.

കാസർകോട് മുതൽ മലപ്പുറം തിരൂർ വരെയും തിരുവനന്തപുരം കൊച്ചുവേളി മുതൽ മുരുക്കുംപുഴ വരെയും ഇത്തരത്തിൽ ‍ഇരുവശവും പാളങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. കെ–റെയിൽ നൽകിയ വിശദീകരണം അനുസരിച്ചാണെങ്കിൽ ആർക്കും നഷ്ടപരിഹാരം ലഭിക്കില്ല. വരാനിരിക്കുന്നതു കടുത്ത നിയന്ത്രണങ്ങളും.

നിലവിൽ റെയിൽവേയുടെ ബഫർ സോണിലാണെങ്കിൽ വീട് അറ്റകുറ്റപ്പണിക്കു പോലും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി വേണം. ആവശ്യപ്പെട്ടാൽ വീടു പൊളിക്കാം എന്ന് എഴുതി നൽകിയാൽ മാത്രമേ വീടു പണിയാൻ അനുമതി കൊടുക്കുകയുള്ളൂ. പെർമിറ്റിനു 3 വർഷം വരെ റെയിൽവേ ഓഫിസിൽ കയറിയിറങ്ങി മടുത്തവരുണ്ട്.

റെയിൽവേയുടെ ഇരട്ടപ്പാതയിൽനിന്ന് 50 മീറ്ററോളം അകലെയാണ് കോഴിക്കോട്ടെ വീടുകൾ. പുതിയ 3, 4 ട്രാക്കുകൾ കൂടി വരുന്നതോടെ ഈ ദൂരം പിന്നെയും കുറയും. സിൽവർലൈൻ കൂടി വരുമ്പോൾ ദുരിതം ഇരട്ടിയാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കുന്ന അതിവേഗപാതയുടെ തൊട്ടടുത്തു പഴക്കം ചെന്ന കെട്ടിടങ്ങൾ എത്രകാലം പിടിച്ചു നിൽക്കുമെന്നും അറിയില്ല. 5 മീറ്ററിനുള്ളിൽ നിർമാണങ്ങൾ പൂർണമായും തടയുമ്പോൾ നിലവിലെ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താനാകുമോ എന്നും വ്യക്തമല്ല.

ഒരു ഭാഗത്ത് റെയിൽപാതയും മറുഭാഗത്ത് സിൽവർലൈൻ പാതയും വരുന്നതോടെ വഴി പൂർണമായി അടഞ്ഞ് വീടുകൾ ഒറ്റപ്പെടുമോ എന്നതാണ് മറ്റൊരു ആശങ്ക. അതുകൊണ്ട് പദ്ധതിക്ക് ആവശ്യമുള്ളതല്ലെങ്കിലും ഈ ഭൂമിയും വീടുകളും ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യം സാമൂഹികാഘാത പഠനം ആരംഭിച്ച പയ്യന്നൂർ വില്ലേജിലെ കിഴക്കേ കണ്ടങ്കാളിയിൽ മാത്രം 11 വീടുകളും ഭൂമിയും ഇങ്ങനെ പൂർണമായും ഏറ്റെടുക്കേണ്ടിവരും. പയ്യന്നൂരിലെ എഫ്സിഐ ഗോഡൗണിനും സിൽവർ ലൈൻ ട്രാക്കിനും ഇടയിലുള്ള വീടും സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് തയാറാക്കുന്നതിനായി നടത്തിയ ആകാശ സർവേ (ലിഡാർ സർവേ) പ്രകാരം 1383 ഹെക്ടർ ഭൂമിയാണു മൊത്തം ഏറ്റെടുക്കേണ്ടതായി കണക്കാക്കിയത്. ഇതിന്റെ മൂന്നിലൊന്നെങ്കിലും അധികം ഏറ്റെടുക്കേണ്ടിവരുമെന്നാണു സാമൂഹികാഘാത പഠനം നടന്ന മേഖലയിൽനിന്നുള്ള കണക്കുകൾ നൽകുന്ന സൂചന. ഇതു പദ്ധതിച്ചെലവിലും കാര്യമായ വർധനയുണ്ടാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *