തളിപ്പറമ്പ് : നഗരത്തിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായ മന്നയിലെ ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ സ്ഥാപിച്ച ട്രാഫിക് സിഗ്‌നലുകളാണ് നിരന്തരം കേടാകുന്നതാണ് പ്രധാന കാരണം. ജംഗ്ഷനിലെ കുഴിയും ഗതാഗതക്കുരുക്കിന് കാരണമായതോടെ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുകള്‍ ദുരിതത്തിലായിരിക്കുകയാണ്.
സംസ്ഥാന പാതയും , മലയോര ഹൈവേയും സംഗമിക്കുന്ന തളിപ്പറമ്പിലെ പ്രധാന ജംഗ്ഷനാണ് മന്ന. മാത്രമല്ല തളിപ്പറമ്പ് താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, ഫയര്‍ സ്റ്റേഷന്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഈ വഴിയാണ് പോകേണ്ടത്. ദിവസങ്ങള്‍ക്ക് മുന്നേ പ്രവര്‍ത്തന രഹിതമായ ഇവിടെയുള്ള ട്രാഫിക് സിഗ്‌നല്‍ ഇതുവരെയും നന്നാക്കാന്‍ തളിപ്പറമ്പ് നഗരസഭ തയ്യാറായിട്ടില്ല. കോഴിക്കോട് നിന്നും ടെക്‌നീഷ്യനെ കൊണ്ടുവന്ന് നന്നാക്കനാമെന്നാണ് അധികൃതര്‍ പറയുന്നത്. സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രണ്ട് ഹോംഗാര്‍ഡുകളാണ് നിലവില്‍ ഇവിടെ ഡ്യൂട്ടിക്ക് നില്‍ക്കുന്നത്. രണ്ടു പേര്‍ നിന്നിട്ടും ഇവിടുത്തെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
അപ്രതീക്ഷിതമായി പെയ്യുന്ന മഴയും പൊരി വെയിലും കനത്ത പൊടിയും കാരണം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇവിടെ ഡ്യൂട്ടിക്ക് നില്‍ക്കുന്നവര്‍ക്ക് ഉണ്ടാക്കുന്നത്. ജംഗ്ഷനിലുള്ള വലിയ കുഴികളും വാഹനങ്ങള്‍ക്ക് എളുപ്പം കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത്. ജംഗ്ഷന്‍ വീതികൂട്ടുന്ന പ്രവര്‍ത്തിയും ഇഴഞ്ഞു നീങ്ങുകയാണ്.