• Fri. Sep 20th, 2024
Top Tags

4 വർഷം മുൻപ് 3 കോടിയോളം ചെലവിട്ട് സൗന്ദര്യവൽക്കരണം; വിളക്കിന്റെ ‘പണി ’, തല പോയ തെങ്ങുപോലെ.

Bydesk

Jan 7, 2022

കണ്ണൂർ: തല പോയ തെങ്ങിനു സമാനമാണ് പയ്യാമ്പലം ബീച്ച് നടപ്പാതയിലെ സോളർ വിളക്കുകളുടെ അവസ്ഥ. 55 സോളർ വിളക്കുകളിൽ 15 വിളക്കുകളും തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും നന്നാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ (ഡിടിപിസി) കൗൺസിൽ തയാറായിട്ടില്ല. അവധി ദിവസങ്ങളിൽ ഉൾപ്പെടെ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകുന്ന സമയത്ത് വിളക്കുകളുടെ അഭാവം കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. പയ്യാമ്പലം –പള്ളിയാം മൂല റോഡിലെ സോളർ വിളക്കുകൾ‌ക്കാണ് ഈ ദുരവസ്ഥ.

ശാന്തിതീരം ശ്മശാനം ബീച്ച് പ്രവേശന ഭാഗത്ത് വിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും അൽപം വിട്ട് മാറിയുള്ള വിളക്കുകളാണ് തകർന്നത്. 3 വിളക്കുകളുടെ ഇരുമ്പ് തൂണ് കാണാനേയില്ല. കോൺക്രീറ്റ് ബീം മാത്രമാണ് ബാക്കി. തൂണുകൾ പലതും തുരുമ്പെടുത്ത് ദ്രവിച്ചു ഏത് സമയവും ഇടിഞ്ഞു വീഴാമെന്ന അവസ്ഥയിലുമാണ്. വൈകിട്ടോടെ ഒട്ടേറെ പേരാണ് നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്. വിളക്കുകൾ ഏറെ ഉപകാരവുമായിരുന്നു. ഇപ്പോൾ സമീപത്തെ ടർഫിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. ഡിടിപിസിയുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

4 വർഷം മുൻപാണ് 3 കോടിയോളം രൂപ ചെലവിട്ട് പയ്യാമ്പലത്ത് സൗന്ദര്യവൽക്കരണം നടത്തിയത്. ഇതോടനുബന്ധിച്ചാണു ബീച്ചിൽ സോളർ വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ വിളക്കുകൾ സ്ഥാപിച്ച് പോയതല്ലാതെ പരിപാലനമോ അറ്റകുറ്റപ്പണിയോ നടത്താൻ ബന്ധപ്പെട്ട ഏജൻസി തയാറായില്ല. ഇവർക്ക് നിർദേശം നൽകാൻ ഡിടിപിസി ഇടപെട്ടതുമില്ലെന്നാണ് ആക്ഷേപം. എത്രയും വേഗം സോളർ വിളക്കുകൾ പ്രവർത്തിപ്പിക്കാൻ ഡിടിപിസി തയാറാകണമെന്നാണ് സഞ്ചാരികളുടേയും നാട്ടുകാരുടേയും ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *