• Fri. Sep 20th, 2024
Top Tags

കാട്ടാന ശല്യം; ജനകീയ പങ്കാളിത്തത്തിൽ തൂക്കു വേലി യാഥാർഥ്യമാക്കി വട്ടപ്പറമ്പുകാർ.

Bydesk

Jan 17, 2022

ഇരിട്ടി: കാട്ടാനശല്യം തുടർക്കഥയായ ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ ഹാങ്ങിംഗ് ഫെൻസിങ്ങ് (തൂക്കു വേലി) യാഥാർത്ഥ്യമായി. ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് ഫെൻസിങ്ങിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വട്ടപ്പറമ്പ് മേഖലയിലെ 123 വീടുകളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം രൂപ പിരിച്ചെടുത്താണ് ഹാങ്ങിംഗ് ഫെൻസിംഗ് പദ്ധതി പൂർത്തിയാക്കിയത്. ആനത്താവളമായി മാറിയ ആറളം ഫാമിൻ്റെ ആറാം ബ്ലോക്കിൻ്റെ അതിർത്തിയിലായ വട്ടപ്പറമ്പ് ഗ്രാമം വർഷങ്ങളായി ആന ഉൾപ്പെടെയുള്ള വന്യമൃഗശല്യത്താൽ പൊറുതിമുട്ടുകയായിരുന്നു. പരിഹാരത്തിനായി സർക്കാർ വാതിലുകൾ മുട്ടിയെങ്കിലും വാഗ്ദാനങ്ങളിലൊതുങ്ങിയതല്ലാതെ യാതൊരു വിധ പ്രയോജനവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആറളം ഫാമിൻ്റെ മറ്റ് അതിർത്തി പ്രദേശങ്ങളിൽ സോളാർ ഹാഗിംഗ് ഫെൻസിങ്ങ് വിജയകരമായി പ്രവർത്തിക്കുന്നത് മനസ്സിലാക്കുന്നതും ഇതുമായി ബന്ധപ്പെട്ട് വട്ടപ്പറമ്പ് മേഖലയിലെ ജനങ്ങൾ ആനവേലി എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ച് പ്രവർത്തനം തുടങ്ങിഎത്തും. ബാബു പാണാട്ടിൽ പ്രസിഡൻ്റായും പി.ടി. ചാക്കോ സെക്രട്ടറിയായും ബാബു പുളിവേലിൽ ട്രഷററായും 15 അംഗ കമ്മറ്റിയാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചത്. ഒരു മാസം മുൻപാണ് ഒന്നര, കിലോമീറ്റർ ദൂരം കാട് വെട്ടിത്തെളിച്ച് ഫെൻസിങിനായി സ്ഥലം ഒരുക്കിയത്. വട്ടപ്പറമ്പിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മെമ്പർ വത്സ ജോസ് അദ്ധ്യക്ഷയായി. ചടങ്ങിൽ ടി.പി. മാർഗരറ്റ്, മിനി ദിനേശൻ, ബെന്നി കളത്തിക്കാട്ടിൽ, എ.ഡി. ബിജു, ജിമ്മി അന്തിനാട്ട്, പൗലോസ് കൊച്ചെടാട്ട്, മനു സ്രാമ്പിക്കൽ, കെ.വി. റിജേഷ് , കെ.എസ്. ബാലൻ, ജോസ് ചിറയത്ത്, ബിജു കൈയാണിയിൽ, പൗലോസ് തൈക്കൂട്ടംപുത്തൻപുര, ജോസ് ചിറ്റേട്ട് തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *