• Fri. Sep 20th, 2024
Top Tags

റീനക്ക് അന്തിയുറങ്ങാൻ സഹപാഠികൾ തീർത്ത സ്നേഹക്കൂടിൻറെ താക്കോൽ കൈമാറി.

Bydesk

Jan 17, 2022

ഇരിട്ടി: റീനക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സഹപാഠികളും അദ്ധ്യാപകരും ചേർന്ന് തീർത്ത സ്നേഹക്കൂടിൻറെ താക്കോൽ റീനയ്‌ക്ക് കൈമാറി. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തിൽ വീടിന്റെ താക്കോൽ ദാനകർമ്മം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. ആറളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2000 – 2001 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർഥികളാണ് തങ്ങളുടെ സഹപാഠിയായിരുന്ന ആറളം കൊടുവളം സ്വദേശിനി റീനയ്ക്ക് വീട് വച്ച് നൽകിയത്. ചടങ്ങിൽ ജോയിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷീബ, നാസർ, വത്സമ്മടീച്ചർ, മണിക്കുട്ടൻ മാസ്റ്റർ, റീനയുടെ സഹപാഠികളായ ഷബീർ, റംഷാദ്, ഷെരീഫ്, ഷിംജിത്ത്, സാദിക്ക് എന്നിവർ പങ്കെടുത്തു. വർഷങ്ങളായി വാടക വീട്ടിൽ കഴിയുകയായിരുന്ന റീനയുടെ സ്ഥിതി അറിഞ്ഞ സഹപാഠികൾ ഒത്തുചേർന്ന് ആറ് ലക്ഷത്തോളം രൂപ മുടക്കിയാണ് വീട് നിർമ്മിച്ചത്. ഒപ്പം ഇവരെ പഠിപ്പിച്ച അധ്യാപകരും കൂടി ചേർന്നതോടെ ഇവർ ഒരുക്കിയ സ്നേഹക്കൂടിനു ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രതയും കൈവന്നു. 2000 – 2001 എസ്എസ്എൽസി ബാച്ചിലെ 121 ഓളം പൂർവ്വ വിദ്യാർത്ഥികൾ ചേർന്നാണ് സ്നേഹകൂടെന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ കൊറോണ വ്യാപനം സ്വപ്നക്കൂട് പെട്ടെന്ന് പൂർത്തിയാക്കാമെന്ന ഇവരുടെ മോഹത്തിന് വിലങ്ങുതടിയായി. ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് റീനയ്ക്ക് ഇപ്പോൾ വീടിന്റെ താക്കോൽ കൈമാറുന്നത്. റീനയ്ക്ക് വീടിന്റെ താക്കോൽ കൈമാറുന്നതിലൂടെ ആറളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളായിരുന്ന തങ്ങളെ ഊട്ടിയ റീനയുടെ മാതാവും സ്കൂളിൽ പാചകക്കാരിയുമായിരുന്ന നാരായണിക്ക് കൂടിയാണ് പൂർവ്വ വിദ്യാർത്ഥികളുടെ ഈ സ്നേഹസമ്മാനം നൽകപ്പെടുന്നത്. 21 വർഷങ്ങൾക്ക് ശേഷള്ള ഈ കൂടിച്ചേരൽ അവിസ്മരണീയമാക്കാൻ പലരും ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് റീനയുടെ വീട്ടിലെത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള തങ്ങളുടെ ഈ കൂടിച്ചേരലിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകർ കൂടി ഉണ്ടാകണമെന്ന കുട്ടികളുടെെ നിർബന്ധത്തിനു വഴങ്ങി ദൂര ദേശങ്ങളിൽ നിന്നുപോലും അധ്യാപകർ റീനയുടെ വീട്ടിലെത്തിയിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിൽ തങ്ങളുടെ ആ പഴയ കുട്ടികളെ തിരഞ്ഞ അദ്ധ്യാപകർക്ക് പലരെയും മനസ്സിലായില്ല. പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോഴാണ് പലരെയും അധ്യാപകർക്ക് മനസ്സിലായത്. എന്നാൽ വികൃതികൾ ആയിരുന്ന കുട്ടികളെ അദ്ധ്യാപകർ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കി പേരെടുത്തു വിളിച്ചപ്പോൾ അധ്യാപകർക്കും ഒപ്പം കുട്ടികൾക്കും ആത്മനിർവൃതി. ചില കുട്ടികളാകട്ടെ വിദേശത്തുനിന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി അധ്യാപകരെ വിളിച്ച് പരിചയം പുതുക്കി. ഒടുവിൽ വീണ്ടും ഒത്തുചേരാം എന്ന ഉറപ്പും നൽകിയാണ് അധ്യാപകരും കുട്ടികളും പിരിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *