• Fri. Sep 20th, 2024
Top Tags

ടിപിആർ കുത്തനെ കൂടി; കോഴിക്കോടും കടുത്ത നിയന്ത്രണങ്ങള്‍, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

Bydesk

Jan 18, 2022

കോഴിക്കോട്: കൊവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

അതേസമയം, ഒമിക്രോൺ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തി. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടർമാർ പറഞ്ഞു.

കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. സമൂഹ വ്യാപന ആശങ്ക ശക്തമാക്കുന്നതാണ് ഇത്. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാൽ, കേസുകൾ നേരിടാനുള്ള കർമ്മ പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് സർക്കാർ കടക്കും.സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക കനക്കുകയാണ്.

ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്. ഇന്നലെ 3204 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 3927 പേർക്കാണ് രോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം ക്ലസ്റ്ററുകൾ രൂപപ്പെട്ട കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ റാൻഡം പരിശോധന നടത്തും. ഒമിക്രോൺ വ്യാപനം സംശയിക്കുന്ന ഇടങ്ങളിൽ ജനിതക പരിശോധനയും നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *